ചെന്നൈയില്‍ രണ്ടാമത്തെ ബ്ലൂ സ്‌ക്വയര്‍ തുറന്നതായി ഇന്ത്യ യമഹ മോട്ടോര്‍ (ഐവൈഎം) പ്രഖ്യാപിച്ചു. ചെന്നൈയില്‍ അശോക് നഗറിലെ ശ്രീ മോട്ടോഴ്‌സ് ഡീലര്‍ഷിപ്പിന് കീഴിലാണ് പുതിയ ബ്ലൂ സ്‌ക്വയര്‍ പ്രവര്‍ത്തിക്കുന്നത്. 2,450 ചതുരശ്ര അടി വിസ്തീര്‍ണം വരുന്നതാണ് ഷോറൂം. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ചെന്നൈയില്‍ ആദ്യ ബ്ലൂ സ്‌ക്വയര്‍ പ്രവര്‍ത്തനമാരംഭിച്ചത്.

കൂടുതല്‍ ഡിജിറ്റല്‍ അനുഭവം സമ്മാനിക്കുന്നതാണ് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍. നീല നിറം പ്രമേയമാക്കിയാണ് ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകളുടെ രൂപകല്‍പ്പന. ഫാസിനോ 125 എഫ്‌ഐ സ്‌കൂട്ടര്‍ മുതല്‍ എഫ്ഇസഡ് 25 വരെയുള്ള യമഹയുടെ എല്ലാ മാസ് മാര്‍ക്കറ്റ് മോഡലുകളും ബ്ലൂ സ്‌ക്വയര്‍ ഷോറൂമില്‍ ലഭ്യമായിരിക്കും. മോട്ടോര്‍സൈക്കിളുകളും സ്‌കൂട്ടറുകളും ഡിസ്‌പ്ലേ ചെയ്യുന്നത് കൂടാതെ ആക്‌സസറികളും വസ്ത്രങ്ങളും സ്‌പെയര്‍ പാര്‍ട്ടുകളും ലഭിക്കും.

യമഹ 2018 ല്‍ ആരംഭിച്ച ‘കോള്‍ ഓഫ് ദ ബ്ലൂ’ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബ്ലൂ സ്‌ക്വയര്‍ ഷോറൂമുകള്‍ തുറക്കുന്നത്. ഇന്ത്യയില്‍ ഈ വര്‍ഷം ആകെ നൂറ് ബ്ലൂ സ്‌ക്വയര്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുകയാണ് യമഹയുടെ പദ്ധതി. ക്രമേണ 300 എണ്ണമാണ് ലക്ഷ്യം.