Asianet News MalayalamAsianet News Malayalam

'പിന്നെയും പിന്നെയും..' R15ന്റ വില വീണ്ടും കൂട്ടി യമഹ!

ജനപ്രിയ ബൈക്ക് മോഡലായ R15 ന്റെ വില വീണ്ടും കൂട്ടി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ

Yamaha R15 Price Hiked Again
Author
Mumbai, First Published Aug 10, 2020, 3:55 PM IST

ജനപ്രിയ ബൈക്ക് മോഡലായ R15 ന്റെ വില കൂട്ടി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ യമഹ. ഏകദേശം 2600 രൂപയോളമാണ് കൂട്ടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ബൈക്കിന്റെ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തിച്ച ശേഷം രണ്ടാമത്തെ വില വര്‍ദ്ധനവാണിത്.  മെയിൽ ആർ15-ന്റെ വില 1000 രൂപ വരെ ഇന്ത്യ യമഹ മോട്ടോർ വർദ്ധിപ്പിച്ചിരുന്നു.

പുതിയ വര്‍ദ്ധനവോടെ 1,45,300 രൂപ വിലയുണ്ടായിരുന്ന തണ്ടർ ഗ്രേ നിറത്തിന് 2600 രൂപ കൂടി ഇപ്പോൾ 1,47,900 രൂപയാണ് എക്‌സ്-ഷോറൂം വില. 1,47,900 രൂപ വിലയുണ്ടായിരുന്ന ഡാർക്ക് നൈറ്റ് നിറത്തിന്റെ വില 2100 രൂപ കൂടി ഇപ്പോൾ 1,50,000 രൂപയാണ്. 1,46,900 രൂപ വിലയുണ്ടായിരുന്ന റേസിംഗ് ബ്ലൂ നിറത്തിന്റെ വിലയും 2100 രൂപ കൂടി ഇപ്പോൾ 1,49,000 രൂപയാണ് എക്‌സ്-ഷോറൂം വില.

2019 ഡിസംബറിലാണ് ബൈക്കിന്‍റെ ബിഎസ്6 പതിപ്പിനെ കമ്പനി വിപണിയില്‍ എത്തിക്കുന്നത്. ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്പോള്‍ 4,000 രൂപ മുതൽ 5,000 രൂപ വരെ വില കൂട്ടിയായിരുന്നു ബിഎസ്6 എത്തിയതു തന്നെ.  ബിഎസ് 6 എന്‍ജിന്‍ നല്‍കിയതോടെ ബൈക്കിന്‍റെ കരുത്തും ടോര്‍ക്കും അല്‍പ്പം കുറഞ്ഞിരുന്നു. 155 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ 10,000 ആര്‍പിഎമ്മില്‍ 18.6 എച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 14.1 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. നിലവിലെ ബിഎസ് 4 പതിപ്പില്‍ ഇതേ റെവ് റേഞ്ചില്‍ 19.3 എച്ച്പി കരുത്തും 14.7 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. 6 സ്പീഡ് ട്രാന്‍സ്മിഷന്‍ തന്നെയാണ് തുടര്‍ന്നും. 

നിരവധി പുതിയ അപ്ഡേറ്റുകളും ഇന്ത്യ യമഹ മോട്ടോർ (IYM) YZF-R15 വേർഷൻ 3.0-ന് നൽകിയിട്ടുണ്ട്. സൈഡ്-സ്റ്റാൻഡ് ഇൻഹിബിറ്റർ ആണ് ഇതിൽ പ്രധാനം. സൈഡ് സ്റ്റാൻഡ് ഇട്ടിരിക്കുന്ന സമയത് ഇഗ്നിഷൻ ഓൺ ആവാതെ ക്രമീകരിക്കുന്ന സുരക്ഷാ സംവിധാനമാണിത്. ഇരട്ട ഹോൺ, പുറകിൽ റേഡിയൽ ട്യൂബ്-ലെസ്സ് ടയർ എന്നിവയാണ് മറ്റുള്ള പുതിയ കൂട്ടിച്ചേർക്കലുകൾ.

കൂടാതെ റേസിംഗ് ബ്ലൂ നിറത്തിലുള്ള 2020 YZF-R15 വേർഷൻ 3.0-ന്റെ അലോയ് വീലുകളും പൂർണമായും നീല നിറത്തിലാണ്. ഇതുവരെ വില്പനയിലുണ്ടായിരുന്ന റേസിംഗ് ബ്ലൂ കളർ മോഡലിന് കറുപ്പ് നിറത്തിലുള്ള അലോയ് വീലിൽ നീല നിറത്തിലുള്ള പിൻ സ്ട്രിപ്പിങ് മാത്രമായിരുന്നു.

ഡെൽറ്റബോക്‌സ് ഫ്രെയിം അടിസ്ഥാനമാക്കി നിർമിച്ചിരിക്കുന്ന YZF-R15 വേർഷൻ 3.0-യുടെ മുന്നില്‍ ടെലിസ്കോപിക് ഫോർക്കും പുറകിൽ ലിങ്കുമാണ് സസ്‌പെഷന്‍. 282 എംഎം ഡിസ്ക് മുന്നിലും 220 എംഎം ഡിസ്‍ക് പിന്നിലും ബ്രെക്കിങ്ങിനായി സജ്ജീകരിച്ചിരിക്കുന്നു. 142 കിലോഗ്രാം ആണ് YZF-R15 വേർഷൻ 3.0-യുടെ ഭാരം. ബിഎസ് 4 വേര്‍ഷനേക്കാള്‍ ഭാരം 3 കിലോയോളം കൂടുതലാണ്. ഇന്തോനേഷ്യയിലും മറ്റ് ഏഷ്യന്‍ വിപണികളിലും വില്‍ക്കുന്നതുപോലെ നീല നിറത്തിലുള്ള ചക്രങ്ങളിലാണ് റേസിംഗ് ബ്ലൂ വേരിയന്റ് വരുന്നത്. 

Follow Us:
Download App:
  • android
  • ios