ഓണ്‍ലൈന്‍ വില്‍പ്പനയിലേക്ക് ചുവടുവെച്ച് ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹയും . യമഹ വെര്‍ച്വല്‍ സ്റ്റോര്‍ വെബ്സൈറ്റ് ഇരുചക്രവാഹനങ്ങളുടെ 360 ഡിഗ്രി കാഴ്ചയും ഉത്പ്പന്നങ്ങള്‍ തമ്മിലുള്ള സവിശേഷത, താരതമ്യം എന്നീ വിവരങ്ങളും പങ്കുവെയ്ക്കുന്നു.

രാജ്യത്തുള്ള 300-ല്‍ അധികം ഡീലര്‍ഷിപ്പുകള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമായിട്ടുണ്ട്. 2020 -ന്റെ അവസാനത്തോടെ 300 ഡീലര്‍ഷിപ്പുകള്‍ കൂടി ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമാക്കുമെന്നും കമ്പനി അറിയിച്ചു.

R15 V3, MT 15, FZ 25, FZ FI, FZS FI എന്നിങ്ങനെ അഞ്ച് മോഡലുകള്‍ മാത്രമാണ് നിലവില്‍ ഓണ്‍ലൈനിലൂടെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കുകയുള്ളു. യമഹയില്‍ നിന്നുള്ള ബാക്കി മോഡലുകളെ ഇതുവരെ വെബ്‌സൈറ്റില്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ല. അധികം വൈകാതെ തന്നെ ബാക്കി മോഡലുകളും ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. 

ഓണ്‍ലൈന്‍ വില്‍പ്പന പ്രവര്‍ത്തനത്തോടൊപ്പം, കോണ്‍ടാക്റ്റ്‌ലെസ് ഡെലിവറി നടത്തുന്നതിന് യമഹ ഡീലര്‍ഷിപ്പുകള്‍ പിന്തുണ നല്‍കും. വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് വാങ്ങലുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ക്കായി ഉപഭോക്താക്കള്‍ക്ക് ഡോര്‍സ്‌റ്റെപ്പ് സേവനം തെരഞ്ഞെടുക്കാം.

നേരത്തെ ഉപഭോക്താക്കളുടെ സുരക്ഷയുടെ ഭാഗമായി ഹോം ഡെലിവറി സൗകര്യവും യമഹ തുടങ്ങിയിരുന്നു.