പെര്‍ഫോമെന്‍സ് ബൈക്കായ YZF-R3 യുടെ ഇന്ത്യയിലെ വില്‍പ്പന അവസാനിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്ര വാഹന നിര്‍മ്മാതാക്കളയ യമഹ. 

2020 -ല്‍ പുതിയ ബൈക്ക് ലഭ്യമാകില്ലെന്നാണ് ഡീലര്‍മാര്‍ അറിയിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ എത്തിയിട്ടില്ല.  ബൈക്കിന്റെ പുതിയൊരു പതിപ്പിനെ കമ്പനി കഴിഞ്ഞ വർഷം വിപണിയില്‍ അവതരിപ്പിച്ചിരുന്നു. രാജ്യത്ത് ബിഎസ് VI എമീഷന്‍ മാനദണ്ഡങ്ങള്‍ നിലവില്‍ വരാനിരിക്കെ പുതിയ പതിപ്പ് എന്ന് എത്തും എന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

ശ്രേണിയിലേക്ക് 2015-ലാണ് യമഹ YZF-R3 ഇന്ത്യന്‍ നിരത്തിലെത്തിച്ചത്. മിഡ്നൈറ്റ് ബ്ലാക്ക്, ഐക്കണ്‍ ബ്ലൂ എന്നീ രണ്ട് പുതിയ കളര്‍ സ്‌കീമുമായാണ് ബൈക്കിനെ വിപണിയില്‍ അവതരിപ്പിക്കുന്നത്. 

മോട്ടോ ജിപി YZR-M1 ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് R3 യുടെ നിര്‍മ്മാണം. 321 സിസി, ലിക്വിഡ്-കൂള്‍ഡ് ഇന്‍ലൈന്‍ 2-സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. ഈ എഞ്ചിന്‍ 10,750 rpm -ല്‍ 41 bhp കരുത്തും 9,000 rpm -ല്‍ 29.6 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് ഗിയര്‍ബോക്സിനൊപ്പം സ്റ്റാന്‍ഡേര്‍ഡായി സ്ലിപ്പര്‍ ക്ലച്ചും ലഭിക്കുന്നു. മുന്‍ഭാഗത്ത് 298 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 220 mm ഡിസ്‌ക് ബ്രേക്കുമാണ് ബൈക്കില്‍. കവാസാക്കി നിന്‍ജ 300, കെടിഎം RC 390 എന്നിവരായിരുന്നു വിപണിയില്‍ ഈ മോഡലിന്റെ എതിരാളികള്‍.