നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ എംടി 15ന്റെ ചെറിയ മോഡല്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ യമഹ. 125 സിസി ശേഷിയുള്ള സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനായിരിക്കും ബൈക്കിന്‍റെ ഹൃദയം. ഈ എന്‍ജിന്‍ 14.7 ബിഎച്ച്പി കരുത്തും 12.4 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. ആറ് സ്പീഡാണ് ട്രാന്‍സ്‍മിഷന്‍.  പിന്നില്‍ മോണോഷോക്കും മുന്നില്‍ ഫോര്‍ക്കുമാണ് സസ്പെന്‍ഷന്‍ ഒരുക്കുന്നത്.

എംടി 15-നെ അടിസ്ഥാനമാക്കിയായിരിക്കും എംടി-125-ഉം എത്തുന്നത്. എന്നാല്‍ വലിപ്പത്തില്‍ എംടി 15നെക്കാള്‍ ചെറുതായിരിക്കും പുതിയ മോഡല്‍. ഹെഡ്‍ ലൈറ്റിലും മറ്റും നേരിയ മാറ്റങ്ങളുണ്ടാകും. 

ഡ്യൂക്ക് 125നോട് മത്സരിക്കാനായാണ് എംടി സീരീസിലെ ഈ കുഞ്ഞനെ യമഹ അവതരിപ്പിക്കുന്നത്. യൂറോപ്യന്‍ വിപണികളിലായിരിക്കും ഈ ബൈക്ക് ആദ്യം അവതരിപ്പിക്കുക. ബൈക്കിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.