പഴയ കാർ വിൽക്കുന്നതിന് മുമ്പ് വാഹനം വൃത്തിയാക്കുന്നതും, ആവശ്യമായ അറ്റകുറ്റപ്പണികൾ തീർക്കുന്നതും, രേഖകൾ കൃത്യമാക്കുന്നതും മികച്ച വില ലഭിക്കാൻ സഹായിക്കും. ശരിയായ വിൽപ്പന മാർഗം തിരഞ്ഞെടുക്കുകയും സത്യസന്ധമായ പരസ്യം നൽകുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ കാറിന് നല്ല പുനർവിൽപ്പന മൂല്യം ഉറപ്പാക്കാം.

പുതിയ ഒരു കാർ വാങ്ങുക എന്നത് എല്ലാവരുടെയും ബജറ്റിൽ ഒതുങ്ങണമെന്നില്ല. അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഉപയോഗിച്ച കാറുകൾക്ക് ആവശ്യക്കാർ ഏറെയാണ്. എന്നാൽ സ്വന്തം പഴയ കാർ വിൽക്കുമ്പോൾ പലർക്കും പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞ വിലയാണ് ലഭിക്കാറുള്ളത്. കാറിന്‍റെ വിപണി വില നിർണയിക്കുന്നതിൽ മോഡൽ, പ്രായം, കിലോമീറ്റർ, വിപണിയിലെ ആവശ്യം തുടങ്ങിയ നിരവധി ഘടകങ്ങൾ സ്വാധീനിക്കും. എങ്കിലും വിൽപ്പനയ്ക്ക് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കാറിന് മികച്ച പുനർവിൽപ്പന മൂല്യം നേടാൻ സാധിക്കും.

1. കാർ നന്നായി വൃത്തിയാക്കുക

കാർ വിൽക്കുന്നതിന് മുമ്പ് അതിന്‍റെ പുറംഭാഗവും അകത്തളവും നന്നായി വൃത്തിയാക്കുക. ബോഡിയിലെ പൊടി, കറകൾ, ചെറിയ പാടുകൾ എന്നിവ നീക്കം ചെയ്യുകയും ആവശ്യമെങ്കിൽ പോളിഷും മെഴുക് പരിപാലനവും നടത്തുകയും ചെയ്യാം. സീറ്റുകൾ, ഡാഷ്‌ബോർഡ്, ഫ്ലോർ, വാതിലുകളുടെ ഉൾഭാഗം എന്നിവയും വൃത്തിയാക്കണം. വൃത്തിയും വെടിപ്പുമുള്ള കാർ ആദ്യ കാഴ്ചയിൽ തന്നെ വാങ്ങുന്നയാളിൽ നല്ല മതിപ്പുണ്ടാക്കും.

2. ആവശ്യമായ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുക

വിൽപ്പനയ്ക്ക് മുമ്പ് കാർ ഒരു സമഗ്ര പരിശോധനയ്ക്ക് വിധേയമാക്കുന്നത് നല്ലതാണ്. എൻജിൻ ഓയിൽ, ബ്രേക്ക്, ടയറുകൾ, ബാറ്ററി, ലൈറ്റുകൾ തുടങ്ങിയ പ്രധാന ഘടകങ്ങളുടെ നില പരിശോധിക്കുക. ചെറിയ തകരാറുകളുണ്ടെങ്കിൽ അവ പരിഹരിക്കുന്നത് കാറിന്റെ മൂല്യം നിലനിർത്താൻ സഹായിക്കും. കൂടാതെ കാറിന്റെ സർവീസ് ചരിത്രവും സൂക്ഷിക്കുക. കൃത്യസമയത്ത് സർവീസ് നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ വാങ്ങുന്നയാളുടെ വിശ്വാസം വർധിപ്പിക്കും.

3. എല്ലാ രേഖകളും തയ്യാറാക്കി വയ്ക്കുക

കാർ വിൽക്കുമ്പോൾ രേഖകൾക്ക് വലിയ പ്രാധാന്യമുണ്ട്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ്, സർവീസ് ബുക്ക് തുടങ്ങിയ രേഖകൾ കൃത്യമായി സൂക്ഷിക്കുക. രേഖകൾ അപൂർണമോ കാലഹരണപ്പെട്ടതോ ആണെങ്കിൽ വാങ്ങുന്നയാൾ വില കുറയ്ക്കാൻ ശ്രമിച്ചേക്കാം. എല്ലാ രേഖകളും ക്രമത്തിലാക്കി മുൻകൂട്ടി തയ്യാറാക്കുന്നത് വിൽപ്പന നടപടികൾ എളുപ്പമാക്കും.

4. കാറിലെ ആക്‌സസറികൾ വ്യക്തമാക്കുക

നല്ല നിലവാരമുള്ള മ്യൂസിക് സംവിധാനം, സീറ്റ് കവറുകൾ, ഫ്ലോർ മാറ്റുകൾ തുടങ്ങിയ ഉപയോഗപ്രദമായ ആക്‌സസറികൾ കാറിലുണ്ടെങ്കിൽ അവ വാങ്ങുന്നയാളുടെ ശ്രദ്ധയിൽപ്പെടുത്താം. എന്നാൽ അമിതമായ മാറ്റങ്ങളും അനാവശ്യ പരിഷ്‌കരണങ്ങളും ഒഴിവാക്കുന്നതാണ് നല്ലത്. സാധാരണയായി ഉപയോഗിച്ച കാർ വാങ്ങുന്നവർ വാഹനത്തിന്റെ യഥാർഥവും ഫാക്ടറി നിലവാരത്തിലുള്ളതുമായ അവസ്ഥയ്ക്കാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

5. ശരിയായ സമയവും വിൽപ്പന മാർഗവും തിരഞ്ഞെടുക്കുക

കാർ വിൽക്കുന്ന സമയവും പ്രധാനമാണ്. ഉത്സവ സീസണുകൾക്ക് മുമ്പും ചില പ്രത്യേക കാലയളവുകളിലും ഉപയോഗിച്ച കാറുകൾക്ക് ആവശ്യകത ഉയരാൻ സാധ്യതയുണ്ട്. അതിനാൽ വിപണിയിലെ ആവശ്യകത പരിശോധിച്ച ശേഷം വിൽപ്പന നടത്തുന്നത് ഗുണകരമാകും. ഓൺലൈൻ കാർ വിൽപ്പന പ്ലാറ്റ്‌ഫോമുകളിൽ ലഭിക്കുന്ന വിലയും പ്രാദേശിക ഡീലർമാരുടെ ഓഫറുകളും താരതമ്യം ചെയ്യുക. ഒരൊറ്റ ഓഫറിൽ തീരുമാനമെടുക്കാതെ ഒന്നിലധികം വിലകൾ പരിശോധിക്കുന്നത് മികച്ച ഇടപാട് കണ്ടെത്താൻ സഹായിക്കും.

6. പരസ്യം നൽകുമ്പോൾ ശ്രദ്ധിക്കണം

ഓൺലൈനായി കാർ വിൽക്കുകയാണെങ്കിൽ വാഹനത്തിന്റെ പുറംഭാഗവും അകത്തളവും വ്യക്തമാകുന്ന നല്ല നിലവാരമുള്ള ചിത്രങ്ങൾ നൽകുക. കാറിന്‍റെ പഴക്കം, ഓടിയ ദൂരം, സർവീസ് ഹിസ്റ്റി, നിലവിലെ അവസ്ഥ എന്നിവയെക്കുറിച്ച് കൃത്യമായ വിവരങ്ങളും നൽകണം. കാറിന്റെ പോരായ്മകൾ മറച്ചുവയ്ക്കാതെ സത്യസന്ധമായ വിവരങ്ങൾ നൽകുന്നത് വാങ്ങുന്നയാളുടെ വിശ്വാസം വർധിപ്പിക്കും. വൃത്തിയുള്ള കാർ, കൃത്യമായ രേഖകൾ, മികച്ച പരിപാലനം, ശരിയായ പരസ്യം എന്നിവയെല്ലാം ചേർന്നാൽ പഴയ കാറിന് മികച്ച വില ലഭിക്കാനുള്ള സാധ്യത വർധിക്കും.