ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല സര്‍വീസ് ന്യൂസിലന്‍ഡിലേക്കും.

ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഒല സര്‍വീസ് ന്യൂസിലന്‍ഡിലേക്കും. ഒക്‌ലാന്‍ഡ്, ക്രൈസ്റ്റ് ചര്‍ച്ച്, വെല്ലിംങ്ടണ്‍ എന്നിവിടങ്ങളിലാണ് ഒല സര്‍വ്വീസ് ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയില്‍ വിജയകരമായി ആരംഭിച്ചതിന് ശേഷമാണ് ഒല ന്യൂസിലന്‍ഡിനു പോകുന്നത്. 

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി ഓസ്‌ട്രേലിയന്‍ മാര്‍ക്കറ്റില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഏഴ് ഓസ്‌ട്രേലിയന്‍ നഗരങ്ങളായ സിഡ്‌ന, മെല്‍ബണ്‍, പെര്‍ത്ത്, യുകെയിലെ കാര്‍ഡിഫ്, ന്യൂപോര്‍ട്ട്, വാലെ ഓഫ് ഗ്ലാമര്‍ഗന്‍ എന്നിവിടങ്ങളിലാണ്‌ പ്രവര്‍ത്തിക്കുന്നത്. 

ഇന്ത്യയില്‍ വിജയം ഉറപ്പാക്കിയതിനു ശേഷം വിദേശരാജ്യങ്ങളിലും സേവനമെത്തിച്ച് മികച്ച വളര്‍ച്ച കൈവരിക്കാനുള്ള ലക്ഷ്യത്തിലാണ് സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന കമ്പനി. ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഒല സൗത്ത് വെയില്‍സിലും, ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് കഴിഞ്ഞ സെപ്റ്റംബറില്‍ കരസ്ഥമാക്കിയിരുന്നു. യു.കെയിലൊട്ടാകെ ഈ വര്‍ഷം അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കുന്നത്. 2018 അവസാനത്തോടുകൂടി ഇന്ത്യയില്‍ പ്രവര്‍ത്തനം വിപുലീകരിക്കാനുള്ള ശ്രമവും കമ്പനി നടത്തുന്നുണ്ട്.