അരീക്കോട്:  ''അനക്കെന്താ ചങ്ങായീ പിരാന്താണോയെന്ന് ചോദിക്കുന്നവരുണ്ട്. അവരോട് ഒന്നേ പറയാനുള്ളൂ. ഞമ്മക്ക് പിരാന്താണ്. ആ പിരാന്ത് ഞമ്മള് ചികിത്സിക്കൂലാ'' മലപ്പുറം അരീക്കോട് സ്വദേശിയായ ഹാതിം ഇസ്മായിലും കിഴിശ്ശേരി സ്വദേശിയായ സാലിം ഒരേ സ്വരത്തോടെയാണ് ഇത് പറയുന്നത്. കാരണം വേറൊന്നുമല്ല, കേരളത്തില്‍ നിന്ന് കശ്മീര്‍ വരെ സൈക്കിളില്‍ യാത്ര പോകുന്നുവെന്ന് പറഞ്ഞപ്പോള്‍ നാട്ടുകാരാണ് ഹാതിമിനോടും സാലിമിനോടും ആദ്യം പറഞ്ഞ ചോദ്യങ്ങള്‍ ഉന്നയിച്ചത്.

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നത്തിന് മുന്നില്‍ ആ ചോദ്യങ്ങള്‍ക്കൊന്നും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ന് അരീക്കോട് നിന്ന് സ്വപ്നത്തിന്‍റെ ചിറകുകളുള്ള സൈക്കിളില്‍ അവര്‍ യാത്ര തിരിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട  ടൂറിസം മേഖലകൾ എല്ലാംതന്നെ കണ്ടും ആസ്വദിച്ചും സൈക്കിൾ ചവിട്ടി പോകാനാണ് ഇരുവരുടെയും പദ്ധതി.

മലപ്പുറത്തിന്‍റെ മണ്ണിൽ നിന്ന് കണ്ണൂരും കാസർഗോഡും പിന്നിട്ട് കർണാടകയിലെ  ഗോകർണ ബീച്ചിൽ മുങ്ങിക്കുളിക്കണം.ഗോവയിലെ പാർട്ടികളിൽ എല്ലാം മറന്ന് ആടിത്തിമർക്കണം. മുംബൈ, പൂനെ  മഹാനഗരങ്ങളില്‍ കറങ്ങിയടിച്ചു നടക്കണം. സൂറത്തിലെ ഉപ്പുപാടങ്ങളിൽ നിന്നുള്ള സൂര്യോദയങ്ങളും കണ്ട് ജയ്‌പൂർ വഴി തലസ്ഥാന നഗരിയിലെത്തണം.

ഏതെങ്കിലും പഞ്ചാബി കല്ല്യാണത്തിന്‍റെ താളങ്ങളില്‍ ചുവട് വയ്ക്കണം.  അവിടെ നിന്ന് മഞ്ഞു പെയ്യുന്ന ഹിമാചലിലെ ഷിംലയും കുളുവും ഒക്കെ കടന്ന് ബാബുക്കാന്‍റെ വീട്ടിൽ വലിഞ്ഞു കയറിച്ചെന്ന് കട്ടനടിച്ചു കുറേ നേരം മൂപ്പരുടെ കഥകള്‍ കേട്ട് അവിടെ അന്തിയുറങ്ങണം. പുലർച്ചയ്ക്ക് മൂപ്പരുടെ തോട്ടത്തിൽ വിളഞ്ഞ ആപ്പിളും കഴിച്ച് അടുത്തുള്ള മല ഓടിക്കയറണം.

ഏത് പാതിരായ്ക്ക് കയറിച്ചെന്നാലും വിളിച്ചിരുത്തി കട്ടനിട്ടു തരുന്ന അദ്ദേഹത്തെ കുറിച്ച് കേട്ടറിഞ്ഞതു മുതൽ വല്ലാത്തൊരു മുഹബത്താണ്. പിന്നെ കെട്ടിപ്പിടിച്ചു യാത്ര പറഞ്ഞിറങ്ങി ലേ ലഡാക്കിലൂടെ മഞ്ഞും കണ്ടങ്ങനെ പോവണം. പിന്നെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറാബിൾ റോഡായ കർദുങ് ലാ പാസും ചവിട്ടിക്കയറി മസിലും പിടിച്ചു നിന്ന് രണ്ടുമൂന്ന് ഫോട്ടോ പിടിക്കണം. അവസാനം ഉമ്മയോട് പറയാൻ കുറേ കഥകളുമായി തിരിച്ചു വീട്ടിൽ വന്നു കയറണം.

യാത്രയ്ക്ക് മുമ്പ് തന്നെ കൃത്യമായ പദ്ധതികള്‍ ഇരുവരും തയാറാക്കിയിട്ടുണ്ട്. അധികം പണം ഒന്നും കൈയില്‍ ഇല്ലാത്തതിനാല്‍ പലയിടങ്ങളിലും കൂട്ടുകാരുടെ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇവര്‍ താമസം ശരിപ്പെടുത്തിയിരിക്കുന്നത്. മുറികള്‍ ലഭിക്കാത്ത ഇടങ്ങളില്‍ സാധിക്കുമെങ്കില്‍ ടെന്‍റ്  അടിച്ച് തങ്ങാനുള്ള  സാധനങ്ങളും കരുതിയിട്ടുണ്ട്.