തിരുവനന്തപുരം: സംസ്ഥാനത്ത് നിയമലംഘനം നടത്തിയ 11,695 ഡ്രൈവിംഗ് ലൈസന്‍സുകള്‍ സസ്പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട്. ജൂലൈ മുതല്‍ ആഗസ്ത് വരെയുള്ള കാലയളിവിലാണ് ഇത്രയും ലൈസന്‍സുകള്‍ മോട്ടോര്‍വാഹനവകുപ്പ് മരവിപ്പിച്ചത്. ഓപ്പറേഷന്‍ സുരക്ഷ പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടി.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുംകൂടുതല്‍ നിയമ ലംഘനങ്ങള്‍. 471 പേരാണ് ഇവിടെ നടപടി നേരിട്ടത്. ഏറ്റവും കുറവ് കണ്ണൂരാണ്. കേവലം 48 പേര്‍ മാത്രം. എറണാകുളത്ത് 376 പേര്‍ നടപടിക്ക് വിധേയരായി. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനം ഓടിച്ചതാണ് കൂടുതല്‍ പേരെയും കുടുക്കിയത്. ഇത്തരം 511 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ഇതില്‍ 432 പേരുടെ ലൈസന്‍സുകള്‍ മരവിപ്പിക്കുകയും ചെയ്തു. അമിതവേഗതക്ക് 226 ഉം, അപകടത്തിന് 235 എണ്ണവും സസ്പെന്‍ഡ് ചെയ്‍തു. കഴിഞ്ഞ മാസം മാത്രം 2,908 ലൈസന്‍സുകളാണ് ഇങ്ങനെ സസ്പെന്‍ഡ് ചെയ്യപ്പെട്ടത്.

ആദ്യത്തെ മൂന്നു മാസത്തേക്കാണ് സസ്പെന്‍ഷന്‍. വീണ്ടും പിടിക്കപ്പെട്ടാല്‍ ആറുമാസവും പിന്നീട് ഒരു വര്‍ഷത്തേക്കും സസ്പെന്‍ഷന്‍ നീളും. തുടര്‍ന്നും നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിന്നെ ഒരിക്കലും ലൈസന്‍സ് ഉണ്ടാകില്ല; എന്നെന്നേക്കുമായി അത് റദ്ദ് ചെയ്യപ്പെടും.

സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയുടെ നിര്‍ദ്ദേശാനുസരണമാണ് മോട്ടോര്‍വാഹനവകുപ്പ് 'ഓപ്പറേഷന്‍ സുരക്ഷ' തുടങ്ങുന്നത്. അടുത്തഘട്ടം മുതല്‍ പൊലീസിനെക്കൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് മോട്ടോര്‍വാഹനവകുപ്പെന്നും ഇതിനായി പൊലീസ് മേധാവിയുമായി ഉടന്‍ ചര്‍ച്ച നടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.