ഗ്രാമീണ മേഖലയിലെ സഞ്ചാര സൗകര്യം മെച്ചപ്പെടുത്താനുള്ള പദ്ധതിയായ പ്രധാൻമന്ത്രി ഗ്രാം സഡക് യോജ്ന അനുസരിച്ച് രാജ്യത്ത് പ്രതിദിനം ശരാശരി 130 കിലോമീറ്റർ റോഡ് നിർമിക്കുന്നുണ്ടെന്ന് കേന്ദ്ര കേന്ദ്ര റോഡ് ഗതാഗത, ഹൈവേ, ഷിപ്പിങ് മന്ത്രി നിതിൻ ഗഢ്കരി. ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമറിന്‍റെ അസാന്നിധ്യത്തിൽ സഭയിൽ പി എം ജി എസ് വൈ പദ്ധതി സംബന്ധിച്ച ചോദ്യങ്ങൾക്കു മറുപടി നൽകുകയായിരുന്നു ഗഢ്കരി.
കഴിഞ്ഞ ഏഴു വർഷത്തിനിടെ പദ്ധതി പ്രകാരം കൈവരിക്കുന്ന ഏറ്റവും ഉയർന്ന നേട്ടമാണിതെന്നും പി എം ജി എസ് വൈ നടത്തിപ്പ് ഊർജിതമാക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഗഢ്കരി വ്യക്തമാക്കി. 2019 മാർച്ചോടെ ജനവാസമുള്ള എല്ലാ ഗ്രാമങ്ങളെയും സഞ്ചാരയോഗ്യമായ നിരത്തുകൾ വഴി ബന്ധിപ്പിക്കാനാണു പദ്ധതി ലക്ഷ്യമിട്ടിരിക്കുന്നതെന്നും ഗഢ്കരി അറിയിച്ചു.
