ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് (എച്ച് എം ഐ എൽ) അടുത്തിടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച പുതിയ വെര്‍ണക്ക് അമ്പരപ്പിക്കുന്ന ബുക്കിംഗ്. അരങ്ങേറ്റം കുറിച്ച് 40 ദിവസത്തിനകം 15,000 ബുക്കിംഗുകളാണ് ലഭിച്ചത്. അതോടൊപ്പം 1.24 ലക്ഷത്തോളം അന്വേഷണങ്ങളും കാറിനെ തേടിയെത്തിയതായി ഹ്യുണ്ടേയ് വെളിപ്പെടുത്തി.

100 കോടി രൂപ മുടക്കിയാണ് ഹ്യുണ്ടായ് പുതിയ വെർന നിർമ്മിച്ചെടുത്തത്. ആഗോളതലത്തിൽ ഇത് അഞ്ചാം ജനറേഷനിൽ പെട്ട വെർനയാണെങ്കിൽ, ഇന്ത്യയിൽ നാലാം ജനറേഷനാണ്. (ആദ്യ വെർന ഇന്ത്യയിലെത്തിയിരുന്നില്ല). പൂർണ്ണമായും പുതിയതാണ് ഈ വെർന. എലാൻട്രയുടെ പ്ലാറ്റ്‌ഫോമിൽ നീളവും വീതിയും വീൽബെയ്‌സും വർദ്ധിപ്പിച്ചാണ് വെർന നിർമ്മിച്ചിരിക്കുന്നത്. പുതിയ എലാൻട്രയുടെ രൂപമെന്ന് ഒറ്റനോട്ടത്തിൽ തോന്നിയേക്കാം.

ഹൈസ്‌ട്രെങ്ത് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെ2പ്ലാറ്റ്‌ഫോമിലാണ് വെർന പടുത്തുയർത്തിയിരിക്കുന്നത്. അങ്ങനെ സുരക്ഷയുടെ കാര്യത്തിൽ മുൻപന്തിയിലായി വെർന. എന്തായാലും കാഴ്ചയിൽ ഒരു ബേബി എലാൻട്രയാണ് വെർന. ഹ്യുണ്ടായ്‌യുടെ പുതിയ വാഹനങ്ങളുടെ സിഗ്‌നേച്ചറെന്നു വിളിക്കാവുന്ന 'കാസ്‌കേഡിങ്'ഗ്രിൽ തന്നെയാണ് വെർനയ്ക്കും കൊടുത്തിരിക്കുന്നത്.

ഗ്രില്ലിനു ചുറ്റും, കൂടാതെ സ്‌പോക്കുകളിലുമെല്ലാം ക്രോമിയത്തിന്റെ തിളക്കമുണ്ട്. ഹെഡ്‌ലാമ്പ് കണ്ണെഴുതിയതുപോലെ, നീണ്ടു സുന്ദരമായി നിലകൊള്ളുന്നു, ഈ പ്രൊജക്ടർ ഹെഡ്‌ലാമ്പിനു താഴെ ഭംഗിയുള്ള ഡേ ടൈം റണ്ണിങ് ലാമ്പ്. ശില്പഭംഗിയുള്ള ബമ്പറിൽ ക്രോമിയം സ്ലോട്ടിനുള്ളിൽ, ക്രോമിയം പൊതിഞ്ഞ ഫോഗ് ലാമ്പുകൾ. എയർഡാമെന്നു പറയാനൊന്നുമില്ല. ഒരു ചെറു ഗ്യാപ്പ് മാത്രം. ബോണറ്റ് ചെരിഞ്ഞിറങ്ങുന്നു. ഉള്ളിൽ നിന്നുള്ള വിസിബിലിറ്റി വളരെ കൂടുതലാണെന്ന് പുറമേ നിന്നേ ഊഹിക്കാം.

സൈഡ് പ്രൊഫൈലിൽ തനി യൂറോപ്യൻ ഡിസൈൻ ഭംഗി ആസ്വദിക്കാം. ക്രോമിയം വിൻഡോ ലൈനും ക്രോമിയം ഡോർ ഹാൻഡ്‌ലും സുന്ദരം. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീൽ അതിസുന്ദരം. കൂപ്പെകളുടേതു പോലെയാണ് റൂഫ്‌ലൈൻ. അതും തനി യൂറോപ്യൻ തന്നെ. പിൻഭാഗം അതിമനോഹരമാണ് അതിനുകാരണം ആ 'സ്‌ട്രെച്ച്ഡ്' ടെയ്ൽ ലാമ്പാണ്. അതിലെ എൽഇഡി ലൈറ്റുകൾ രാത്രിയിൽ മറക്കാനാവാത്ത കാഴ്ച സമ്മാനിക്കുന്നു. ബൂട്ട് ഗേറ്റിന്റെ ലിപ് അല്പം ഉയർന്നു നിൽക്കുന്നു. വലിയ ബമ്പറിൽ, താഴെ റിഫ്‌ളക്ടറുകളും ബ്ലാക്ക് ക്ലാഡിങും.

പഴയ വെർനയിലെ ബീജ് ഇന്റീരിയർ ബ്ലാക്ക്-ബീജ് ഇന്റീയറിന് വഴി മാറിയിട്ടുമുണ്ട്. എന്നാൽ മെത്തത്തിലുള്ള ലേഔട്ടും ഡിസൈനുമൊക്കെ തനി ഹ്യുണ്ടായ് ശൈലിയിൽ തന്നെയാണ്. ക്രെറ്റ, എലാൻട്ര, എലീറ്റ് ഐ20 എന്നിവയുടെയൊക്കെ പല ഘടകങ്ങളും വെർനയിലുണ്ട്. വളരെ 'നീറ്റാ'യാണ് ഉൾഭാഗം ഡിസൈൻ ചെയ്തിരിക്കുന്നത്. വളരെ ബഹളങ്ങളൊന്നുമില്ല. ഡാഷ്‌ബോർഡിനു മേലെ കാണുന്ന വലിയ 7 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ കാര്യങ്ങളെല്ലാം നടത്തിക്കൊള്ളും.

പഴയ 1.4 ലിറ്റർ എഞ്ചിനുകളും 4 സ്പീഡ് ഓട്ടോമാറ്റിക് -5 മാനുവൽ ട്രാൻസ്മിഷനുകളും നിർത്തിലാക്കി. ഇപ്പോൾ 1.6 ലിറ്റർ പെട്രോൾ/ഡീസൽ എഞ്ചിനുകളാണുള്ളത്. ട്രാൻസ്മിഷന്‍ 6 സ്പീഡ് ഓട്ടോമാറ്റിക്/6 സ്പീഡ് മാനുവൽ ആക്കി മാറ്റി. 1582 സിസി, 128 ബിഎച്ച്പി ഡീസല്‍ എഞ്ചിന്റെ ടോർക്ക് 260 ന്യൂട്ടൺ മീറ്ററാണ്. മുമ്പ് മാക്‌സിമം ടോർക്ക് ലഭിച്ചിരുന്നത് 1900 -2750 ആർപിഎമ്മിലായിരുന്നെങ്കിൽ, ഇപ്പോൾ അത് 1500-3000 ആർപിഎമ്മാക്കി മാറ്റി. അങ്ങനെ ടോർക്ക് ബാൻഡ് നീട്ടുകയും കുറേക്കൂടി നേരത്തെ ആക്കുകയും ചെയ്തു. അത് പെർഫോമൻസ് വർദ്ധിപ്പിച്ചു. 1200 ആർപിഎം മുതൽ 4500 ആർപിഎം വരെ പവറിന്റെ കൂടാണ് ഈ എഞ്ചിൻ.

പെട്രോൾ എഞ്ചിൻ സിൽക്കിസ്മൂത്താണ്. 159 സിസി, 123 ബിഎച്ച്പി എഞ്ചിനാണിത്. 151 ന്യൂട്ടൺ മീറ്ററാണ് ടോർക്ക്. വളരെ ചെറിയ വേഗതയിൽ 5-ാം ഗിയറിലും ഓടിക്കാം, ഈ എഞ്ചിൻ. മികച്ച ബ്രേക്കിങ്ങും സസ്‌പെൻഷനുമാണ് എടുത്തുപറയേണ്ട മറ്റു കാര്യങ്ങൾ. ഹമ്പുകളൊന്നും ചാടിയാൽ യാത്രികർ ആ ബുദ്ധിമുട്ട് അറിയുന്നില്ല. ഫീച്ചേഴ്‌സിന്റെ കാര്യത്തിൽ എതിരാളികളെ വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് വെർന.

അരങ്ങേറ്റ ആനുകൂല്യമെന്ന നിലയിൽ ഡൽഹി ഷോറൂമിൽ 7.99 ലക്ഷം രൂപ വില നിശ്ചയിച്ചാണു ഹ്യുണ്ടേയ് പുതുതലമുറ ‘വെർണ’ പുറത്തിറക്കിയത്. ആദ്യ 20,000 ബുക്കിങ്ങുകൾക്കു മാത്രമാവും ഈ വില ബാധകമാവുകയെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. വർഷാവസാനത്തോടെ ഈ 20,000 ‘വെർണ’യും നിർമിച്ചു വിൽക്കാനാവുമെന്നാണു കമ്പനിയുടെ പ്രതീക്ഷ.