ടൂ സ്‌ട്രോക്ക് എഞ്ചിനില്‍ ഒരുകാലത്ത് വമ്പന്‍മാരായിരുന്ന ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ് ഫോര്‍ സ്‌ട്രോക്ക് എഞ്ചിനില്‍ വാഹനം അവതരിപ്പിച്ചു. മലിനീകരണ മാനദണ്ഡത്തില്‍ യൂറോ 4 നിലവാരം പുലര്‍ത്തുന്ന പുത്തന്‍ എഞ്ചിനുമായിട്ടാണ് ജാവ നിരത്തിലെത്തുന്നത്. എ.ബി.എസ് ബ്രേക്കിങ് സംവിധാനം ഉള്‍പ്പെടുത്തുന്ന ആദ്യ ജാവ ബൈക്കെന്ന പ്രത്യേകതയും ഇതിനുണ്ട്.

ഒ.എച്ച്.സി 397 സി.സി എയര്‍കൂള്‍ഡ് എഞ്ചിന്‍ 6500 ആര്‍പിഎമ്മില്‍ 27.73 പിഎസ് കരുത്തും 5000 ആര്‍പിഎമ്മില്‍ 30.6 എന്‍എം ടോര്‍ക്കുമേകും. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. മണിക്കൂറില്‍ 130 കിലോമീറ്ററാണ് പരമാവധി വേഗത.

മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കും പിന്നില്‍ 160 എംഎം ഡ്രം ബ്രേക്കും വാഹനത്തിന് സുരക്ഷ ഒരുക്കും. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക്. 160 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. ചെക്ക് റിപ്പബ്ലിക്കില്‍ ഏകദേശം 99,930 ചെക്ക് കോറുനയാണ് (2.60 ലക്ഷം രൂപ) വില. അടുത്തിടെ ജാവ മോട്ടോര്‍സൈക്കിള്‍സിനെ ഇന്ത്യന്‍ നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏറ്റെടുത്തിരുന്നു. 2020-നുള്ളില്‍ മഹീന്ദ്രയ്ക്ക് കീഴില്‍ ജാവ മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ തിരിച്ചെത്തിയേക്കും.

ചെക്ക് വിപണിക്കൊപ്പം അമേരിക്ക, റഷ്യ, യു.കെ തുടങ്ങിയ രാജ്യങ്ങളിലേക്കും പുതിയ ജാവ 350 കയറ്റി അയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350-ക്ക് ശക്തനായ എതിരാളിയാകും പുതിയ ജാവ 350 എന്നാണ് വിദഗ്‍ദര്‍ വിലയിരുത്തുന്നത്.