വരുന്നൂ ഏഴ് സീറ്റുമായി ജീപ്പ് കമാൻഡർ

ഒരുകാലത്ത് മലയോര ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും നിത്യസാനിധ്യമായിരുന്നു മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ കമാൻഡർ. ജീപ്പ് കമാന്‍ഡര്‍ എന്നായിരുന്നു നാട്ടുകാര്‍ ഈ മൂന്നുമുറി വാഹനത്തെ വിളിച്ചിരുന്നത്. എന്നാല്‍ ഇപ്പോഴിതാ ശരിക്കും ജീപ്പ് കമാന്‍ഡര്‍ വരുന്നു.

ഐക്കണിക്ക് അമേരിക്കൻ ബ്രാൻഡായ ജീപ്പിന്‍റെ ഗ്രാൻഡ് കമാൻ‍ഡറാണ് വിപണിയിലേക്കെത്തുന്നത്. 2005 ൽ വിപണിയിലെത്തിയ 2010 ൽ പിൻവാങ്ങിയ വാഹനം ആദ്യമെത്തുന്നത് ചൈനീസ് നിരത്തുകളിലേക്കായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2 ലീറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന്‍റെ ഹൃദയം. 270 ബിഎച്ച്പി കരുത്തും 400 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. 4873 എംഎം നീളവും 1892 എംഎം വീതിയും 1738 എംഎം പൊക്കവും 2800 എംഎം വീൽബെയ്സുമുള്ള കമാന്‍ഡര്‍ ഗ്രാൻഡ് ചെറോക്കിയെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ഏഴു പേർക്ക് സഞ്ചരിക്കാൻ സാധിക്കുന്ന ഫുൾസൈസ് എസ് യു വിയാണ് പുതിയ ഗ്രാൻഡ് കമാൻഡർ.

കഴിഞ്ഞ മാസം നടന്ന ബീജിങ് ഓട്ടോഷോയിലാണ് ജീപ്പ് പുതിയ കമാൻഡറെ അവതരിപ്പിക്കുന്നത്. 2017 ഷാങ്ഹായ് ഓട്ടോഷോയിൽ പ്രദർശിപ്പിച്ച യുന്റു കൺസെപ്റ്റിന്റെ പ്രൊഡക്ഷൻ മോ‍ഡലാണ് പുതിയ കമാൻഡർ. ചൈനീസ് വിപണിയിലേക്ക് ഉടനെത്തുന്ന വാഹനം ഭാവിയില്‍ ഇന്ത്യന്‍ നിരത്തുകളിലേക്കും എത്തുമെന്നാണ് പ്രതീക്ഷ.