ഫ്രഞ്ച് വാഹനനിര്‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ കോംപാക്റ്റ് എസ് യു വി മോഡല്‍ ഡസ്റ്ററിന്‍റെ പുത്തന്‍ പതിപ്പ് എത്തി. ഫ്രാങ്ക്ഫര്‍ട്ട് ഓട്ടോഷോയിലാണ് പുതിയ ഡസ്റ്ററിനെ റെനോയുടെ ഉടമസ്ഥതയിലുള്ള റൊമാനിയൻ കമ്പനിയായ ഡാസിയ അവതരിപ്പിച്ചത്. 2009ൽ രാജ്യാന്തര വിപണിയിലെത്തി വലിയ മാറ്റങ്ങളില്ലാതെ തുടരുന്ന വാഹനം ഇത്രയധികം മാറ്റങ്ങളുമായി എത്തുന്നത് ആദ്യമാണെന്നാണ് കമ്പനിയുടെ അവകാശവാദം.
നിലവിലുള്ള ഡസ്റ്ററിന്റെ അടിത്തറയിലാണ് പുതിയ മോഡലും. എന്നാല്‍ ഉപയോഗക്ഷമതയ്ക്കും ലുക്കിനും ക്വാളിറ്റിക്കും പ്രാധാന്യം നൽകിയാണ് പുതിയ ഡസ്റ്ററിന്റെ രൂപകൽപ്പന എന്നാണ് പുതിയ ഡസ്റ്ററിനെ പ്രദർശിപ്പിച്ചുകൊണ്ട് ഡാസിയ അറിയിച്ചത്. പഴയ ഡസ്റ്ററിനെ അപേക്ഷിച്ച് വീതിയേറിയ മസ്‌കുലാര്‍ ഫ്രണ്ട്-റിയര്‍ എന്‍ഡുകളാണ് പുതിയ എസ്‌യുവിയില്‍ ഒരുങ്ങുന്നത്. അടിമുടി മിനുക്കുപണികള്‍ നടത്തിയതാണ് പുതിയ ഡസ്റ്ററിന്റെ ഇന്റീരിയര്‍. ഉയര്‍ന്ന ബെല്‍റ്റ്‌ലൈന്‍, പുതിയ റൂഫ് റെയിലുകള്‍, സില്‍വര്‍ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍ വിശേഷങ്ങള്‍. പുതിയ എല്‍ഇഡി ഫ്രണ്ട് ലൈറ്റ് സിഗ്നേച്ചര്‍, പുതിയ ഡസ്റ്ററിന് വ്യത്യസ്ത മുഖഭാവം നല്‍കുന്നു.
ക്രേം ഗ്രില്‍, ഡേ ടൈം റണ്ണിംങ്ങ് ലൈറ്റോടുകൂടിയ പുതിയ ഹെഡ്ലാംമ്പ്, വലിയ സ്‌കിഡ് പ്ലേറ്റ്, ബോണറ്റിലെ സ്പോര്‍ട്ടി ലൈനിങ് എന്നിവ മുന്‍ഭാഗത്തെ പ്രത്യേകതകളാണ്. വലിയ 17 ഇഞ്ച് ടയറുകളും മസ്കുലറായ വീൽ ആർച്ചുകളും പുതിയ ഡസ്റ്ററിന് കരുത്തുറ്റ എസ് യു വി ലുക്ക് സമ്മാനിക്കുന്നുണ്ട്.
പ്രീമിയം ലുക്ക് വരുത്താൻ വേണ്ടതെല്ലാം ഇന്റീയറിൽ ചെയ്തിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും സെന്‍ട്രല്‍ കണ്‍സോളുമാണ് ഇന്റീരിയറിൽ. പുതുക്കിയ ഡാഷ്‌ബോര്‍ഡും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇത്തവണ ഒരല്‍പം മേലെയായാണ് ഇടംപിടിക്കുന്നത്. ഡാഷ്ബോർഡിലും ധാരാളം മാറ്റങ്ങളുണ്ട്. യാത്രസുഖം പകരാൻ സീറ്റുകളും റീഡിസൈൻ ചെയ്തിട്ടുണ്ട്. കൂടാതെ മൾട്ടി വ്യു ക്യമറ, ബ്ലൈന്റ് സ്പോട്ട് വാർണിങ്, കർട്ടൻ എയർബാഗുകൾ, ഓട്ടമാറ്റിക്ക് എയർ കണ്ടിഷനിങ്, ഓട്ടമാറ്റിക്ക് ഹെഡ്‌ലൈറ്റ് എന്നിവയും പുതിയ വാഹനത്തിലുണ്ടാകും.
സ്റ്റോറേജ് സ്‌പെയ്‌സ് വര്‍ധിക്കുന്നതിനായി സ്മാര്‍ട്ട് സ്റ്റോറേജ് സ്‌പെയ്‌സുകളുടെ എണ്ണവും റെനോ വര്‍ധിപ്പിച്ചു. മള്‍ട്ടി-വ്യു ക്യാമറ, ബ്ലൈന്‍ഡ് സ്‌പോട്ട് വാര്‍ണിംഗ്, കര്‍ട്ടന്‍ എയര്‍ബാഗുകള്‍, ഓട്ടോമാറ്റിക് എയര്‍ കണ്ടീഷണിംഗ്, ഹാന്‍ഡ്‌സ്-ഫ്രീ കാര്‍ഡ്, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍ എന്നിവയും പുതിയ ഡസ്റ്ററിന്റെ ഫീച്ചറുകളാണ്. മികവേറിയ ഫോര്‍-വീല്‍-ഡ്രൈവാണ് പുതിയ ഡസ്റ്റര്‍ നല്‍കുകയെന്നാണ് റെനോയുടെ വാദം. ഹെല്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, 4x4 മോണിറ്റര്‍ ഉള്‍പ്പെടുന്നതാണ് ഡസ്റ്ററിലെ ഡ്രൈവര്‍ അസിസ്റ്റ് ഫീച്ചറുകള്‍.
എൻജിനിൽ കാര്യമായ മാറ്റങ്ങളുണ്ടാകാനിടയില്ല. ആദ്യ ഡസ്റ്റിന് കരുത്തേകിയ 1.5 ലിറ്റർ ഡീസൽ, 1.6 ലിറ്റർ പെട്രോൾ എൻജിനുകള്‍ തന്നെയാണ് പുതിയ ഡസ്റ്ററിലും. 1.5 ലീറ്റര്‍, നാല് സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എന്‍ജിന് 85 പിഎസ്, 110 പിഎസ് വകഭേദങ്ങളുണ്ട്. 1.6 ലീറ്റര്‍ പെട്രോള്‍ എന്‍ജിന് 104 പിഎസാണ് കരുത്ത്. ഡീസൽ 85 പിസ് മോഡലിന് 200 എൻഎമ്മും 110 പിഎസ് മോഡലിന് 245 എംഎമ്മുമാണ് ടോർക്ക്. പെട്രോൾ, ഡീസൽ 85 പി എസ് മോഡലുകളിൽ 5 സ്പീഡ് ട്രാൻമിഷൻ ഉപയോഗിക്കുമ്പോള്‍ 110 പിഎസ് മോഡലിൽ ആറ് സ്പീഡ് എഎംടി ട്രാൻസ്മിഷനും ഉപയോഗിക്കുന്നുണ്ട്.
ആദ്യം ഫ്രഞ്ച് വിപണിയിലും പിന്നാലെ യൂറോപ്യന്‍ വിപണിയിലേക്കും എത്തുന്ന പുത്തന്‍ ഡസ്റ്റര്‍ അടുത്ത വർഷം ആദ്യം ന്യൂഡൽഹിയിൽ നടക്കുന്ന ഓട്ടോഷോയിൽ പ്രദർശിപ്പിക്കും എന്നാണ് കരുതുന്നത്.
