വൈവിധ്യമാര്‍ന്ന നിറങ്ങളില്‍ ഐക്കണിക്ക് ഇരുചക്രവാഹന ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ പുതിയ മോഡലുകള്‍ വരുന്നു. തണ്ടര്‍ബേര്‍ഡ് 350, തണ്ടര്‍ബേര്‍ഡ് 500 മോട്ടോര്‍സൈക്കിളുകളുടെ പുതിയ മോഡലുകളായ 350X, 500X എന്നിവയാണ് ഫെബ്രുവരി 28ന് എത്തുന്നത്.

സാങ്കേതികവിഭാഗത്തിൽ വലിയ മാറ്റമൊന്നുമില്ലാതെ തണ്ടർബേഡ് 500, തണ്ടർബേഡ് 350 എന്നിവയുടെ എക്സ് പതിപ്പുകൾ എത്തുക. യുവതലമുറയെ ലക്ഷ്യമിട്ട് കൂടുതൽ സ്പോർട്ടി രൂപത്തിലാവും തണ്ടർബേഡ് 500 എക്സിന്റെ വരവ്. പുത്തൻ ഹാൻഡില്‍ ബാർ, സിംഗിൾ പീസ് സീറ്റ്, കറുപ്പ് അലോയ് വീൽ, ട്യൂബു രഹിത ടയർ തുടങ്ങിയവയും തിളക്കമാർന്ന നിറമുള്ള ടാങ്കും മെക്കാനിക്കൽ ഭാഗങ്ങളിൽ കറുപ്പ് നിറവുമാണ് ഇരുബൈക്കുകളുടെയും പ്രത്യേകത.

റെഡ്, വൈറ്റ് നിറങ്ങളിലാണ് തണ്ടര്‍ബേര്‍ഡ് 350Xനെ റോയല്‍ എന്‍ഫീല്‍ഡ് ലഭ്യമാക്കുക. യെല്ലോ, ബ്ലൂ നിറങ്ങളിലാണ് തണ്ടര്‍ബേര്‍ഡ് 500X ലഭ്യമാവുക. എൻജിനും എക്സോസ്റ്റിനുമൊക്കെ കറുപ്പ് നിറമാവും. ‘തണ്ടർബേഡ് 500 എക്സി’ൽ തിളക്കമാർന്ന ചുവപ്പ്, വെളുപ്പ്, മഞ്ഞ അഥവാ നീല കോൺട്രാസ്റ്റിങ് പെയ്ന്റിങ്ങും ഇതിന് അനുയോജ്യമായ റിം സ്ട്രൈപ്പുകളുമുണ്ടാവും. പിൻഭാഗത്തു നിന്നും ബാക്ക്റസ്റ്റും ഒഴിവാക്കി. ഗ്രാബ് റയിലും കറുപ്പു നിറത്തിലാക്കി. തണ്ടർബേഡ് 500 എക്സിനു സമാനമായ മാറ്റങ്ങളും പരിഷ്കാരങ്ങളുമായിട്ടാണ് തണ്ടർബേഡ് 350 എക്സും എത്തുന്നത്.

499 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ് തണ്ടർബേഡ് 500 എക്സിനു കരുത്തേകുന്നത്. 27.2 പി എസ് വരെ കരുത്തും 41.3 എൻ എം വരെ ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. സാധാരണ ബുള്ളറ്റിലെ 346 സി സി, സിംഗിൾ സിലിണ്ടർ എൻജിനാണ് തണ്ടർബേഡ് 350 എക്സിലുള്ളത്. 21 പി എസ് വരെ കരുത്തും 20 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് ഗീയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 5,000 രൂപ മുതല്‍ 8,000 രൂപ വരെ വിലവര്‍ധനവ് പുതിയ മോഡലുകള്‍ക്ക് പ്രതീക്ഷിക്കാം. അടുത്തയിടെയാണു റോയൽ എൻഫീൽഡ് ഹിമാലയൻ എഫ് ഐ സ്ലീറ്റ് എഡീഷൻ വിപണിയിലെത്തിച്ചത്.