Asianet News MalayalamAsianet News Malayalam

പുത്തന്‍ വാഗണ്‍ ആറിന്‍റെ ബുക്കിങ് തുടങ്ങി

ഈ ജനുവരി 23ന് നിരത്തിലെത്തുന്ന വാഗണ്‍ ആര്‍ പുതിയ പതിപ്പിന്‍റെ പ്രീ ബുക്കിങ് മാരുതി സുസുക്കി ഔദ്യോഗികമായി തുടങ്ങി. 11,000 സ്വീകരിച്ചാണ് ബുക്കിങ്. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. 

2019 Maruti Suzuki Wagon R Bookings Open
Author
Mumbai, First Published Jan 14, 2019, 3:52 PM IST

ഈ ജനുവരി 23ന് നിരത്തിലെത്തുന്ന വാഗണ്‍ ആര്‍ പുതിയ പതിപ്പിന്‍റെ പ്രീ ബുക്കിങ് മാരുതി സുസുക്കി ഔദ്യോഗികമായി തുടങ്ങി. 11,000 സ്വീകരിച്ചാണ് ബുക്കിങ്. 4.5 ലക്ഷം രൂപ മുതല്‍ 6 ലക്ഷം വരെയുള്ള റേഞ്ചിലായിരിക്കും 2019 വാഗണ്‍ ആറിന്റെ എക്‌സ്‌ഷോറൂം വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുതലമുറ വാഗണ്‍ ആറിന്‍റെ രൂപം, പ്ലാറ്റ്‌ഫോം, എന്‍ജിന്‍ എന്നിവ വ്യക്തമാക്കുന്ന ആദ്യ വീഡിയോയും മാരുതി സുസുക്കി പുറത്തുവിട്ടിട്ടുണ്ട്.  'ബിഗ് ന്യൂ വാഗണ്‍ ആര്‍' എന്ന ടാഗ് ലൈനോടെ വാഹനത്തിന്റെ പിന്‍ഭാഗം ദൃശ്യമാകുന്ന ആദ്യ ടീസര്‍ ചിത്രവും കഴിഞ്ഞദിവസം പുറത്തുവിട്ടതിനു പിന്നാലെയാണിത്.

സ്വിഫ്റ്റ്, ഇഗ്നീസ് മോഡലുകളുടെ അതേ ദൃഢതയേറിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്‌ഫോമിലാണ് പുത്തന്‍ വാഗണ്‍ ആറിന്റെ നിര്‍മാണം. നേരത്തെ പുറത്തുവന്ന സ്‌പൈ ചിത്രങ്ങള്‍ പ്രകാരം മുന്‍തലമുറ മോഡലില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് 2019 വാഗണ്‍ ആര്‍ എത്തുന്നത്. വോള്‍വോ കാറുകളിലേതിന് സമാനമാണ് പുത്തന്‍ വാഗണ്‍ ആറിലെ ടെയില്‍ ലാമ്പ്.  ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള വലിയ ഗ്രില്‍ വാഹനത്തിന്‍റെ പഴയ മുഖഛായ തന്നെ മാറ്റുന്നു. 

ടോള്‍-ബോയ് ബോഡിയില്‍ ബോക്‌സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. നിരവധി പുതുമകളുള്ളതാണ് വാഹനത്തിന്‍റെ അകത്തളം. രൂപം മാറിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. ഇന്റീരിയറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. 

പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും നല്‍കിയിട്ടുള്ളത്. വീല്‍  ആര്‍ച്ചും കൂടുതല്‍ ആകര്‍ഷകമാക്കിയിട്ടുണ്ട്.  പുതിയ ആകൃതിയിലുള്ള ഹെഡ് ലൈറ്റും വീതിയുള്ള ഇന്‍ഡിക്കേറ്ററുകളും മുന്‍വശത്തെ വേറിട്ടതാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്‌ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്‌ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പ്രത്യേകത.

പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുണ്ട് പുതിയ വാഹനത്തിന്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമുണ്ട് പുതിയ വാഗണ്‍ ആറിന്. മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. L, V, Z എന്നീ മൂന്ന് വേരിയന്റുകളിലായി പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളില്‍  വാഹനമെത്തും.

സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്‍ജിന്‍ തന്നെയാവും പുതിയ വാഗണ്‍ആറിന്‍റെയും ഹൃദയം. ഈ എന്‍ജിന്‍  67  ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സിലും എഎംടിയിലും വാഗണ്‍ആര്‍ എത്തും. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍ജിനും വാഹനത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.  എല്‍പിജി, സിഎന്‍ജി വകഭേദങ്ങളും വാഗണ്‍ ആറിനുണ്ടാകും.

1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. 2017 സെപ്തംബറില്‍ വാഗണ്‍ ആറിന്‍റെ വില്‍പ്പന 20 ലക്ഷം പിന്നിട്ടിരുന്നു. ഇന്ത്യയില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ കാര്‍ മോഡലാണ് വാഗണ്‍ ആര്‍. മാരുതിയുടെ തന്നെ ഓംനി, 800, അള്‍ട്ടോ തുടങ്ങിയവയാണ് ഈ നേട്ടം സ്വന്തമാക്കിയത്. 

Follow Us:
Download App:
  • android
  • ios