വാഹനനിര്‍മ്മാതാക്കളായ ജനറല്‍ മോട്ടോഴ്സ് ഇന്ത്യയിലെ വില്‍പന അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. രണ്ട് പതിറ്റാണ്ട് കാലം ഇന്ത്യന്‍ വിപണിയില്‍ സജീവമായിരുന്ന കമ്പനിയാണ് ജനറല്‍ മോട്ടോഴ്സ്. പൂനെയിലെ തെലിഗാവിലെ ഫാക്ടറിയില്‍ നിന്നും വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ജിഎമ്മിന്റെ പദ്ധതി.

ഫോക്സ് വാഗനും സമാനമായ പ്രതിസന്ധിയെ നേടിടുകയാണ്. 1.6 ശതമാനം വിപണി ഓഹരിയുള്ള ഫോക്സ് വാഗന്‍ 2016 ല്‍ ലോകമാകമാനം 10 ദശലക്ഷം കാറുകള്‍ വിറ്റിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അവരുടെ അവസ്ഥ പരിതാപകരമാണ്. വെറും 20042 കാറുകളേ 2016-17 ല്‍ ഫോക്സ് വാഗന് വില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. സ്‌കോഡയുടെ കാര്യവും വ്യത്യസ്തമല്ല. 

അടുത്തിടെ സ്‌കോഡയുടെ ഇന്ത്യയിലെ എംഡി സുധീര്‍ റാവു ജോലി രാജി വച്ചിരുന്നു. 2016-17 ല്‍ ഇന്ത്യയില്‍ 13712 കാറുകളേ സ്‌കോഡയ്ക്ക് വില്‍ക്കാനായുള്ളൂ. ഫിയറ്റ്, ഫോര്‍ഡ്, നിസ്സാന്‍ തുടങ്ങിയ കാര്‍ നിര്‍മ്മാതാക്കളും ശക്തമായ പ്രതിസന്ധിയാണ് ഇന്ത്യന്‍ വിപണിയില്‍
അഭിമുഖീകരിക്കുന്നത്.

കാര്‍ വില്‍പ്പനക്കാരേയും തൊഴിലാളികളേയും ആകമാനം ബാധിക്കുന്നതായിരിക്കും കാര്‍ നിര്‍മ്മാതാക്കളുടെ പിന്‍ വാങ്ങല്‍. ജനറല്‍ മോട്ടോഴ്സിന് പിന്നാലെ ഫോക്സ് വാഗനും, ഫോര്‍ഡും സ്‌കോഡയും ഇന്ത്യന്‍ വിപണിയില്‍ നിന്നും കളം മാറുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിന് വാഹനഉടമകളെ ഗുരുതരമായി ബാധിക്കും.