വിദേശനിരത്തുകളിലെ ജനപ്രിയതാരം ലിവിനാ എംപിവി ഇന്ത്യന്‍ നിരത്തുകളില്‍ അവതരിപ്പിക്കാനൊരുങ്ങി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. 2006 മുതല്‍ വിദേശ നിരത്തുകളില്‍ എത്തിയ ഈ വാഹനത്തിന്‍റെ പുതിയ പതിപ്പാണ് ഇന്ത്യയിലെത്താനൊരുങ്ങുന്നത്. 

ദക്ഷിണാഫ്രിക്ക, ബ്രസീല്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ മികച്ച സ്വീകാര്യതയുള്ള വാഹനമാണ് ലിവിനാ. മിതി‍സുബിഷി എക്‌സ്പാന്റര്‍ പ്ലാറ്റ്‌ഫോമിലാണ് നിസാന്‍ ലിവിനായുടെ നിര്‍മ്മാണം.  ഈ വാഹനത്തില്‍ ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ഇന്ത്യയില്‍ അവതരിപ്പിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രോമിയം ആവരണമുള്ള വി-ഷേപ്പ് ഗ്രില്ല്, രൂപമാറ്റം വരുത്തിയ ബമ്പറുകള്‍, പുതിയ അലോയി വീലുകള്‍ എന്നിവ വാഹനത്തെ വേറിട്ടതാക്കും. 

മിത്‍സുബിഷി ക്രോസ് വാനിലുള്ളതിന് സമാനമായ ഇന്റീരിയറാണ് ലിവിനയിലും. നിസാന്‍ ബാഡ്‍ജിങ്ങുള്ള സ്റ്റീയറിങ് വീല്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 60:40, 50:50 ആനുപാതത്തില്‍ മടക്കാന്‍ കഴിയുന്ന മൂന്നാം നിര സീറ്റ്, സ്റ്റോറേജ് സ്‌പേസ് എന്നിവയാണ് ഇന്റീരിയറിലെ ഫീച്ചറുകള്‍.

1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളിലാണ് ലിവിനാ ഇന്ത്യയില്‍ എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ എന്‍ജിന്‍ 141 ബിഎച്ച്പി പവറും 141 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും.  

വിദേശ നിരത്തുകളില്‍ ടൊയോട്ട അവാന്‍സയാണ് പ്രധാന എതിരാളിയാകുന്ന ലിവിനായുടെ ഇന്ത്യന്‍ നിരത്തുകളിലെ എതിരാളി മറ്റാരുമല്ല. മാരുതി എര്‍ട്ടിഗ തന്നെ