പ്രളയദുരന്തത്തില്‍പ്പെട്ട് കണ്ണീരു കുടിക്കുന്ന സഹജീവികള്‍ക്ക് സ്നേഹസ്പര്‍ശവുമായി സുഖസൗകര്യങ്ങള്‍ മാറ്റി വച്ച് ഒരു നല്ലിടയന്‍

കൊച്ചി: പ്രളയദുരന്തത്തില്‍പ്പെട്ട് കണ്ണീരു കുടിക്കുന്ന സഹജീവികള്‍ക്ക് സ്നേഹസ്പര്‍ശവുമായി സുഖസൗകര്യങ്ങള്‍ മാറ്റി വച്ച് ഒരു നല്ലിടയന്‍. തന്‍റെ ആഢംബര എംപിവിയായ ഇന്നോവ വിറ്റ പണം പ്രളയ ബാധിതര്‍ക്കു നല്‍കി ലത്തീന്‍ കത്തോലിക്കാ സഭയുടെ വരാപ്പുഴ അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലാണ് വേറിട്ട ഇടയനാകുന്നത്.

ഒന്നര വര്‍ഷം മുമ്പ് 24 ലക്ഷം രൂപ മുടക്കി വാങ്ങിയ ഇന്നോവ ക്രിസ്റ്റയാണ് ബിഷപ്പ് വില്‍ക്കാന്‍ തീരുമാനിച്ചത്. ഒ.എല്‍.എക്‌സ് ആപ്പില്‍ കാറിന്റെ വിശദ വിവരങ്ങള്‍ നല്‍കി. നേരിട്ട് വന്ന് വില പറയാന്‍ എറണാകുളം മറൈന്‍ ഡ്രൈവിന് സമീപത്തെ ആര്‍ച്ച്‌ ബിഷപ്പ് ഹൗസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ കാര്‍ പ്രദര്‍ശിപ്പിക്കും. അതിരൂപത ഫിനാന്‍സ് അഡ്മിനിസ്‌ട്രേറ്റര്‍ക്കാണ് വില്പനച്ചുമതല. അടുത്ത തിങ്കളാഴ്ച വരെയാണ് സമയം. ഇന്നോവ വിറ്റു ലഭിക്കുന്ന തുക വീടു നിര്‍മ്മാണം, പുനരധിവാസം എന്നിവയ്ക്ക് ചെലവഴിക്കും. 

ഇനിയുള്ള യാത്രകള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പഴയ മാരുതി കാര്‍ മതിയെന്നും ആര്‍ച്ച് ബിഷപ്പ് തീരുമാനിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം മുമ്പ് പുതിയ വാഹനം വാങ്ങിയ ശേഷം ഒതുക്കിയിട്ടിരിക്കുകയായിരുന്നു ഈ കാര്‍.

ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങളും ആഡംബരങ്ങളും ഒഴിവാക്കാന്‍ ഇടയലേഖനത്തിലൂടെ ഞായറാഴ്ച ആര്‍ച്ച്‌ ബിഷപ്പ് അഭ്യര്‍ത്ഥിച്ചിരുന്നു.