2017 ഡിസംബര്‍ 29നായിരുന്നു അത്. ശില്‍പ്പ എന്ന മംഗലൂരു സ്വദേശിയായ വീട്ടമ്മയെക്കുറിച്ച് ആദ്യ വാര്‍ത്ത വരുന്നത്. ഇരുളടഞ്ഞ ജീവിതത്തെ മുന്നോട്ടുരുട്ടാന്‍ മഹീന്ദ്ര ബൊലേറോ പിക്കപ്പിനെ മോഡിഫൈ ചെയ്ത് സഞ്ചരിക്കുന്ന ഭക്ഷണശാലയാക്കി മാറ്റിയ കഥയായിരുന്നു അത്.

വടക്കന്‍ കര്‍ണാടകയില്‍ സൂപ്പര്‍ഹിറ്റായി മാറിയ സഞ്ചരിക്കുന്ന ഭക്ഷണശാലയെക്കുറിച്ച് ആ വാർത്ത വന്നു മണിക്കൂറുകള്‍ക്കകം രാജ്യത്തെ ആഭ്യന്തരവാഹന നിർമ്മാതാക്കളില്‍ പ്രമുഖരായ മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ ഇങ്ങനെ കുറിച്ചു. "ശിൽപ്പയുടെ ജീവിതത്തിൽ നല്ലകാലം കൊണ്ടുവരാൻ മഹീന്ദ്ര ബൊലേറോ സഹായമായതിൽ ഞങ്ങള്‍ സന്തോഷിക്കുന്നു. ബൊലേറോയെ കൂട്ടുപിടിച്ച് ജീവിതം കരയ്ക്കടുപ്പിച്ച ശിൽപ്പയ്ക്ക് രണ്ടാമത്തെ യൂണിറ്റ് തുടങ്ങാനായി പുതിയൊരു ബൊലേറോ പിക്കപ്പ് നല്‍കും.." ആ വാഗ്ദാനം ഇപ്പോള്‍ നടപ്പിലായിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.

കഴിഞ്ഞ ദിവസം പുത്തന്‍ മഹീന്ദ്ര മാക്സി പ്ലസ് പിക്കപ്പ് ട്രക്കിന്‍റെ താക്കോല്‍ മഹീന്ദ്ര ശില്‍പ്പയക്ക് കൈമാറി. എന്തായാലും ഇപ്പോള്‍ ഏറെ രുചിയുള്ള ശില്‍പ്പയുടെ ജീവിതത്തിനു കണ്ണീരിന്‍റെ കയ്പ് നിറഞ്ഞ ഒരു ഫ്ലാഷ് ബാക്കുണ്ട്.

2005ലാണ് ശില്‍പ്പ എന്ന യുവതി വിവാഹിതയായി മാംഗ്ലൂരിലെത്തുന്നത്. 2008 വരെ ഭര്‍ത്താവ് രാജശേഖറിനൊപ്പം ശില്‍പയുടെ ജീവിതം സുരക്ഷിതമായിരുന്നു. എന്നാൽ ബംഗളൂരുവിലേക്കു ബിസിനസ് ആവശ്യത്തിനു പോയ രാജശേഖറിനെ കാണാതായി. അതോടെ ശില്‍പ്പയുടെയും മകന്‍റെയും ജീവിതം ഇരുളടഞ്ഞു.

എന്നാല്‍ തോറ്റു കൊടുക്കാന്‍ ഒരുക്കമായിരുന്നില്ല അവര്‍. മകന്റെ പഠിത്തവും രോഗികളായ മാതാപിതാക്കളുടെ ചികിത്സാചെലവും കണ്ടെത്തണം. ആദ്യമൊരു ജോലിയിൽ പ്രവേശിച്ചു. പക്ഷേ വരുമാനം തുച്ഛമായിരുന്നു. എന്തെങ്കിലും ബിസിനസ് ചെയ്യാനായി പിന്നീടുള്ള തീരുമാനം. നിത്യവൃത്തിക്കു പോലും ബുദ്ധിമുട്ടുമ്പോള്‍ ബിസിനെവിടെ പണം? ഒടുവില്‍ കുട്ടിക്കാലം മുതൽ പാചകത്തിൽ ഉണ്ടായിരുന്ന താത്‍‌പര്യം കണക്കിലെടുത്ത് സഞ്ചരിക്കുന്ന ഭക്ഷണശാല എന്ന ആശയത്തിലെത്തി.

മകന്റെ പഠനത്തിനായി ബാങ്കിലുണ്ടായിരുന്നു ഒരു ലക്ഷം രൂപയായിരുന്നു ആദ്യ മുതൽമുടക്ക്. തുടര്‍ന്നാണ് ഒരു മഹീന്ദ്ര ബൊലേറോ പിക്കപ്പിനെ മോഡിഫൈ ചെയ്ത് സഞ്ചരിക്കുന്ന ഭക്ഷണശാലയാക്കി മാറ്റുന്നത്. ആ ഭക്ഷണശാലയാണ് എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് സൂപ്പർഹിറ്റായതും ശില്‍പ്പയുടെ ജീവിതത്തിനു പുതിയ രുചി പകര്‍ന്നതും.

ശിൽപ്പയുടെ ജീവിതത്തിൽ നല്ലകാലം കൊണ്ടു വന്ന സിറ്റി പിക് അപ്പായ ബൊലേറോ മാക്സി ട്രക്കുകള്‍ രാജ്യത്തെ ചെറുകിട വ്യാപാരമേഖലയില്‍ ഏറെ പ്രിയമുള്ള വാഹനമാണ്. മാക്സി ട്രക്ക് പ്ലസിന്‍റെ പുതിയ മോഡലിനെ 2017 നവംബറിലാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര വിപണിയിലെത്തിക്കുന്നത്. ബി.എസ്. നാല് നിലവാരമുള്ള 2523 സി.സി എന്‍ജിനാണു വാഹനത്തിനു കരുത്തു പകരുന്നത്. ഈ നാല് സിലിന്‍ഡര്‍ എഞ്ചിന്‍ 63 എച്ച്.പി കരുത്തും 195 എന്‍.എം. ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.

വാഹനത്തില്‍ 40.6 ചതുരശ്ര അടി വിസ്തൃതിയുള്ള കാര്‍ഗോ ബോക്സുണ്ട്. ഇത് 1,200 കിലോഗ്രാം വരെ ഭാരം വഹിക്കും. ഡീസലിന് 17.7 കിലോമീറ്ററാണ് ഇന്ധനക്ഷമത. 5.32 ലക്ഷം രൂപയാണ് വാഹനത്തിന്റെ മുംബൈ എക്സ് ഷോറൂം വില.

Image Courtesy: The News Minute