കാറുകളിലെ കരുത്തിന്‍റെ രാജാവാണ് ഹമ്മര്‍. ആഡംബര ഇനത്തിൽ പെട്ട വിലയേറിയ ഈ അമേരിക്കന്‍ എസ്‍യുവിയുടെ പ്രധാന പ്രശ്നം ഏറ്റവും കുറവ് ഇന്ധനക്ഷമതയായിരുന്നു. എന്നാല്‍ ഈ കുറവിന് പരിഹാരവുമായി ഹമ്മറിന്‍റെ ആദ്യ ഇലക്ട്രിക് പതിപ്പ് പുറത്തിറങ്ങിയിരിക്കുന്നുവെന്നാണ് പുതിയ വാര്‍ത്ത. അതോടൊപ്പം ആദ്യ ഇലക്ട്രോണിക്ക് ഹമ്മര്‍ സ്വന്തമാക്കിയ വ്യക്തിയും വാര്‍ത്തകളില്‍ നിറയുന്നു.

മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറും ഹോളിവുഡ് താരവുമായ അര്‍നോള്‍ഡ് ഷ്വാസ്​നറാണ് പുതിയ ഹമ്മറിന്‍റെ ആദ്യ ഉടമ. ഓസ്‌ട്രേലിയയിലെ റെയ്ബാക്കില്‍ നടന്ന ചടങ്ങില്‍ അര്‍നോള്‍ഡ് തന്നെയാണ് ഇലക്ട്രിക് ഹമ്മര്‍ പ്രോട്ടോടൈപ്പ്‌ ഔദ്യോഗികമായി അവതരിപ്പിച്ചത്. പുതിയ ഹമ്മര്‍ പുറത്തിറക്കുന്ന വീഡിയോ അര്‍നോള്‍ഡ് തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്. തന്റെ സ്വപനം യാഥാര്‍ഥ്യമായി എന്ന കുറിപ്പോടെയാണ് ഷ്വാസ്നറിന്‍റെ പോസ്റ്റ്.

ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ക്രീസല്‍ ഇലക്ട്രിക്കാണ് ഹമ്മറിന്റെ ആദ്യ ഇല്കട്രിക് പതിപ്പ് നിര്‍മിച്ചത്. രണ്ടു മാസത്തോളം സമയമെടുത്താണ് ക്രീസര്‍ ഇലക്ട്രിക്ക്സിലെ മെക്കാനിക്ക്സ് ഹമ്മറിനെ ഇലക്ട്രിക്കായി രൂപപ്പെടുത്തിയത്. 100kWh ബാറ്ററി ശേഷിയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തെ കുതിപ്പിക്കുന്നത്. 490 എച്ച്പിയാണ് കരുത്ത്. 300 എച്ച്പി കരുത്തും 705 എന്‍എം ടോര്‍ക്കും നല്‍കിയിരുന്ന 6.6 ലിറ്റര്‍ വി8 ടര്‍ബോ ഡീസല്‍ എന്‍ജിനാണ് നിലവില്‍ നോര്‍മല്‍ ഹമ്മറിന് കരുത്ത് പകരുന്നത്.

മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയുള്ള ഇലക്ട്രിക് ഹമ്മറിന്റെ ആകെ ഭാരം 3300 കിലോഗ്രമാണ്. ഒറ്റചാര്‍ജില്‍ 300 കിലോമീറ്ററിനടുത്ത് ദൂരം പിന്നിടാന്‍ ഹമ്മറിന് സാധിക്കും. നിലവില്‍ ഏറ്റവും കുറവ് ഇന്ധനക്ഷമതയുള്ള ഓഫ് റോഡ് എസ്.യു.വികളിലൊന്നാണ് ഹമ്മര്‍ (4.16 കിലോമീറ്റര്‍). ഇലക്ട്രിക്കിലേക്ക് മാറുന്നതോടെ ഈ നൂനത പരിഹരിക്കാമെന്നാണ് ക്രീസല്‍ ഇലക്ട്രിക്ക് കണക്കുകൂട്ടുന്നത്. എന്നാല്‍ വാണിജ്യാടിസ്ഥാനത്തില്‍ ഇലക്ട്രിക് ഹമ്മര്‍ വിപണിയിലെത്തില്ല. മാര്‍ക്കസ് ക്രീസര്‍, ഫിലിപ് ക്രീസര്‍ ജോണ്‍ ക്രീസര്‍ എന്നീ സഹോദരങ്ങളാണ് ക്രീസല്‍ ഇലക്ട്രിക്കിന് പിന്നില്‍. നേരത്തെ അര്‍നോള്‍ഡിന്റെ ബെന്‍സ് ജി ക്ലാസ് മോഡലും ക്രീസല്‍ ടീം ഇലക്ട്രിക് എന്‍ജിനിലേക്ക് മാറ്റിയിരുന്നു.