ചെന്നൈ: ലോകത്ത് മറ്റൊരു വാഹന നിര്‍മ്മാണ രംഗത്തിനുമില്ലാത്ത വളര്‍ച്ച നേടി ഇന്ത്യന്‍ മുച്ചക്ര വാഹന വിപണി. 2019 സാമ്പത്തിക വര്‍ഷത്തില്‍ മുച്ചക്ര വാഹന വിപണി കുതിക്കുന്നു. ആദ്യമാസമായ ഏപ്രിലില്‍ തന്നെ 63 ശതമാനം വളര്‍ച്ചയാണ് കമ്പനികള്‍ വില്‍പ്പനയില്‍ നേടിയത്. ആകെ ഈ മാസം 97,304 ഓട്ടോറിക്ഷകളാണ് വിപണിയില്‍ വിവിധ കമ്പനികള്‍ വിറ്റഴിച്ചത്.

കഴിഞ്ഞ വര്‍ഷം 30 ശതമാനം വളര്‍ച്ചയാണ് മുച്ചക്രവിപണി നോടിയത്. 10 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് ആകെ വിറ്റഴിച്ചത്. കയറ്റുമതിയില്‍ മുച്ചക്ര വാഹനവിപണി ആഭ്യന്തര വില്‍പ്പനയ്ക്ക് തുല്യമായ നേട്ടമാണ് കൈവരിച്ചത്. ഇതോടെ ഓട്ടോറിക്ഷ നിര്‍മ്മാണരംഗവും സജീവമായി. ബജാജ് ഓട്ടോ, പിയാജിയോ, ടിവിഎസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര എന്നിവയാണ് ഇന്ത്യയിലെ പ്രധാന നിര്‍മ്മാണ കമ്പനികള്‍.

ഇപ്പോഴും ഇന്ത്യക്കാരുടെ ഇഷ്ടഓട്ടോറിക്ഷ കമ്പനി ബജാജാണ് എന്ന് തെളിയിക്കുന്നതാണ് വില്‍പ്പനയില്‍ ബജാജിന് ലഭിച്ച ഒന്നാം സ്ഥാനം. രണ്ടാം സ്ഥാനത്ത് പിയാജിയോയും. ബജാജ് ഓട്ടോ 84 ശതമാനം വര്‍ദ്ധനവാണ് ഏപ്രില്‍ മാസത്തില്‍ മാത്രം നേടിയത്. ആഭ്യന്തര വിപണിക്കൊപ്പം കയറ്റുമതികൂടി കുതിക്കുന്നതോടെ വലിയ പ്രതീക്ഷയാണ് രാജ്യത്തിന് മുച്ചക്ര വിപണി നല്‍കുന്നത്. തൊഴിലില്ലായ്ക്കുളള വലിയ പരിഹാരം കൂടിയായാണ് ഓട്ടോറിക്ഷകളുടെ വില്‍പ്പന ഉയരുന്നതിനെ മാര്‍ക്കറ്റിങ് രംഗത്തുളളവര്‍ കാണുന്നത്.