കൊച്ചി: കൊച്ചിയിൽ 120 ഓട്ടോറിക്ഷകൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നു. എ.ഐ.ടി.യു.സി യുടെ കീഴിലുള്ള ഓട്ടോറിക്ഷതൊഴിലാളികളാണ് ഇന്റലിജൻസ് ട്രാൻസ്പോർട്ട് സംവിധാനം ഉപയോഗിച്ചുള്ള ഓൺലൈൻ ഓട്ടോയിലേക്ക് മാറുന്നത്.

നഗരത്തിലെ ടാക്സി സമ്പ്രദായം ഏകീകരിക്കാനുള്ള കൊച്ചി മെട്രോയുടെ ശ്രമമാണ് സ്മാർട്ട് ഓട്ടോകൾക്ക് പിന്നിലും. എ.ഐ.ടി.യു.സി യുടെ കീഴിലുള്ള 120 ഓളം ഓട്ടോറിക്ഷകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വെഹിക്കിൽ എസ്.ടി എന്ന സ്റ്റാർട്ട്അപ്പ് കമ്പനിയാണ് സാങ്കേതിക വിദ്യ തയ്യാറാക്കിയത്.കൊച്ചിയിൽ നടന്ന ചടങ്ങിൽ മുൻ മന്ത്രി സി.ദിവാകരൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക ടാബ്‍ലറ്റുകൾ ഓട്ടോറിക്ഷയിൽ ഘടിപ്പിച്ചാണ് പ്രവർത്തനം. യാത്ര ചെയ്യുന്ന വഴി ,ദൂരം, എത്തിച്ചേരാനുള്ള സമയം ,യാത്രാക്കൂലി തുടങ്ങിയ വിവരങ്ങൾ ഓട്ടോറിക്ഷയൽ ഘടിപ്പിച്ച ടാബ്‍ലറ്റിൽ നിന്നും അറിയാം. യാത്രക്കാർക്ക് മൊബൈൽ ആപ്പ് വഴി വാഹനം ബുക്ക് ചെയ്യാനും സാധിക്കും.യാത്രക്കാരോടുള്ള ഡ്രൈവറുടെ സമീപനം ട്രേഡ് യൂണിയൻ നേതൃത്വവും കൺട്രോൾ സെന്ററും തല്സമയം നിരീക്ഷിക്കും. പൊലീസ് കണ്ട്രോൾ റൂമുമായും പിങ്ക് പൊലീസുമായും സ്മാർട്ട് ഓട്ടോകളെ ബന്ധിപ്പിച്ചിട്ടുണ്ട്.

കൊച്ചി മെട്രോ അവതരിപ്പിച്ച കൊച്ചി വൺ സ്മാർട്ട് കാർഡുമായും ഈ ഓട്ടോകളെ ബന്ധിപ്പിക്കും.കൂടുതൽ ഓട്ടോകളിലേക്കും സാങ്കേതിക വിദ്യ വ്യാപിപ്പിച്ച് കൊച്ചിയിലെ പൊതുഗതാഗതരംഗം നവീകരിക്കുകയാണ് തൊഴിലാളി സംഘടനകളുടെ ലക്ഷ്യം.