ഇന്ത്യയിലെ തദ്ദേശീയ ഇരുചക്രവാഹന നിർമാതാക്കളില്‍ പ്രബലരായ ബജാജ് ഓട്ടോയും ബ്രിട്ടീഷ് സൂപ്പര്‍ ബൈക്ക് നിർമാതാക്കളായ ട്രയംഫ് മോട്ടോർസൈക്കിൾസും കൈകോര്‍ക്കുന്നു. ആഗോള വിപണി ലക്ഷ്യമിട്ട് മിഡ്-കപ്പാസിറ്റി മോട്ടോര്‍ ബൈക്കുകള്‍ നിര്‍മ്മിക്കാനുള്ള ബജാജ് ഓട്ടോ ലിമിറ്റഡിന്റെ മോഹങ്ങൾക്ക് ഈ നീക്കം കരുത്തേകും.

വികസ്വര രാജ്യങ്ങളിലെ വിപണി ലക്ഷ്യമിട്ട് 400 മുതല്‍ 800 സി.സി. വരെയുള്ള ബൈക്കുകളാകും ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ട്രയംഫ് നിലവില്‍ 675 സി.സി.ക്ക് മുകളിലുള്ള ബൈക്കുകളാണ് നിര്‍മിക്കുന്നത്. അതിനിടെ ഇന്ത്യയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ട്രയംഫ്  പ്രാദേശിക അസംബ്ലിങ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി കർണാടകത്തിൽ 850 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന നിർമാണശാലയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പദ്ധതിയിൽ നിന്നും കഴിഞ്ഞ വർഷം ട്രയംഫ് പിൻമാറിയിരുന്നു. ഇതിനു പകരമായി ബജാജിന്റെ പുണെയ്ക്കടുത്ത് ചക്കനിലുള്ള നിര്‍മ്മാണശാല ഇനി പ്രയോജനപ്പെടുത്താനാവും ട്രയംഫിന്റെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടക്കത്തിൽ 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള വിഭാഗത്തിലേക്കു പ്രവർത്തനം വ്യാപിപ്പിക്കാൻ ട്രയംഫ് ആലോചിച്ചിരുന്നു. എന്നാൽ ബജാജുമായി സഹകരണം യാഥാർത്ഥ്യമാവുന്നതോടെ 500 സി സിയിൽ താഴെ എൻജിൻ ശേഷിയുള്ള ബൈക്ക് നിർമാണത്തിനു വീണ്ടും സാധ്യതയേറുകയാണ്.

ഇന്ത്യയിലെ മുന്‍നിര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബൈക്കുകള്‍ കയറ്റി അയക്കുന്നുണ്ട്. ഓസ്ട്രിയന്‍ മോട്ടോര്‍ സൈക്കിള്‍ കമ്പനിയായ കെ.ടി.എമ്മില്‍ ബജാജിന് 48 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ബജാജ് എത്തിയതോടെ കെ.ടി.എമ്മിന്റെ വാര്‍ഷിക വില്പന കുതിച്ചുയര്‍ന്നിരുന്നു. കെ ടി എമ്മിന്റെ വാർഷിക വിൽപ്പന 65,000 യൂണിറ്റിൽ നിന്ന് രണ്ടു ലക്ഷത്തോളം യൂണിറ്റായിട്ടാണ് ഉയർന്നത്.

ട്രയംഫുമായുള്ള പങ്കാളിത്തത്തോടെ ബജാജിന്റെ ആഗോള ബിസിനസ് കൂടുതല്‍ ശക്തമാകും. ഒപ്പം ആഗോള തലത്തില്‍ മുന്‍നിര ബൈക്ക് നിര്‍മാണ കമ്പനികള്‍ക്കൊപ്പമെത്താനും ഈ കൂട്ടുകെട്ട് ഗുണകരമാകുമെന്നാണ് വാഹന ലോകം കരുതുന്നത്. നിലവിലുള്ള ബജാജ് — കെ ടി എം സഖ്യ മാതൃകയാവും ട്രയംഫും പിന്തുടരുകയെന്നാണു സൂചന.

ഇറ്റാലിയന്‍ മോട്ടോര്‍ ബൈക്ക് ബ്രാന്‍ഡായ ഡുക്കാറ്റി ബജാജ് ഏറ്റെടുക്കുമെന്ന് അടുത്തകാലത്ത് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളും കാറ്റില്‍പ്പറത്തിയാണ് കമ്പനിയുടെ പുതിയ നീക്കങ്ങള്‍.