
പൾസർ സീരിസിൽ പുതിയ 400 സി.സി ബൈക്ക് പുറത്തിറക്കാനായിരുന്നു കമ്പനിയുടെ ആദ്യ തീരുമാനം. എന്നാൽ പുതിയ ബ്രാൻഡ് നാമത്തിൽ തന്നെ ബൈക്ക് പുറത്തിറക്കാൻ ബജാജ് പിന്നീട് തീരുമാനിച്ചു. അങ്ങനെ കരാട്ടോ എന്ന ബ്രാൻഡ് നാമം പുതിയ ബൈക്കിന് നൽകാനായിരുന്നു ആദ്യപരിപാടി. എന്നാൽ അവസാനം കരാട്ടോയും ഒഴിവാക്കി ബൈക്കിന് ഡോമിനർ എന്ന പേര് നൽകുകയായിരുന്നു. കരുത്തില്‍ മികവു കാട്ടുക എന്നര്‍ഥം വരുന്ന സ്പാനിഷ് വാക്കില്‍ നിന്നാണു ബജാജ് ‘ഡോമിനര്‍’എന്ന പേര് കണ്ടെത്തിയത്.

പൾസറിന്റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന് കടം കൊണ്ടതാണ്. ഡ്യൂക്കിന്‍റെ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഡൊമിനറിനുംകരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ് സ്പീഡ് ഗിയർബോക്സാണ് ഡൊമിനറിന്‍റെ ട്രാൻസ്മിഷൻ.

ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ് ബജാജിന്‍റെ പൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി കൂടുതൽ കരുത്തോടെ പുതിയ ഡൊമിനറിനെ നിരത്തിലിറക്കുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് ബജാജിന്‍റെ കണക്കുകൂട്ടല്‍.

