ഡൊമിനറിന്‍റെ പുതിയ പരസ്യം ബുള്ളറ്റിനെ ട്രോളിയില്ല

ഐക്കണിക്ക് വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ബുള്ളറ്റുകളെ ട്രോളി ആറോളം പരസ്യങ്ങളാണ് ആഭ്യന്തര ബൈക്ക് നിര്‍മ്മാതാക്കളില്‍ പ്രമുഖരായ ബജാജ് അടുത്തകാലത്ത് ഇറക്കിയത്. ബജാജിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി ബൈക്ക് ഡൊമിനറിനു വേണ്ടി ഇറക്കിയ ഈ പരസ്യങ്ങളെല്ലാം വന്‍ വിവാദവുമായിരുന്നു.

എന്നാല്‍ ഇപ്പോഴിതാ ഡോമിനറിന്‍റെ പുതിയ പരസ്യവും വന്നിരിക്കുന്നു. പതിവു പോലെ ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന പരിഹാസം ഇത്തവണത്തെ പരസ്യത്തില്‍ ഇല്ലെന്നാണ് ശ്രദ്ധേയം. എന്നിട്ടും ബുള്ളറ്റിനെ വിടാനൊരുക്കമില്ല ബജാജ്. ദൂര യാത്രകൾ പതുക്കെപോകാൻ ആരാണ് പറഞ്ഞത് എന്നു പറഞ്ഞു തുടങ്ങുന്ന പര്യത്തില്‍ ബുള്ളറ്റിനെ ചെറുതായൊന്നു കൊട്ടുന്നുണ്ട് ബജാജ്.

ഡോമിനറിന്റെ എല്ലാ മേന്മകളും എടുത്തു കാട്ടുന്നതാണ് പുതിയ പരസ്യം. മികച്ച ബ്രേക്കും യാത്രസുഖവും മികച്ച എൻജിനുമുള്ള ബൈക്കാണ് ഡോമിനർ എന്നാണ് 1.52 മിനിറ്റ് ദൈർഘ്യമുള്ള പരസ്യത്തിലൂടെ ബജാജ് പറയുന്നത്.

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ 2016 ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.