പരമാവധി വേഗത 148 കിമീ ഈ ഡൊമിനര്‍ കുതിച്ചത് 194 കിമീ വേഗത്തില്‍!

വിവാദ പരസ്യങ്ങളില്‍പ്പെട്ട് വാര്‍ത്തകളില്‍ നിറയുന്ന ബജാജിന്‍റെ ഡൊമിനര്‍ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് വിസ്മയകരമായ മറ്റൊരു വാര്‍ത്തിയിലൂടെയാണ്. മണിക്കൂറില്‍ 148 കിലോമീറ്ററാണ് കമ്പനി പറയുന്ന ഡൊമിനാറിന്‍റെ പരമാവധി വേഗത. എന്നാല്‍ ഈ പരിധി വിട്ട് ഡൊമിനര്‍ 194 കിലോമീറ്ററില്‍ കുതിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

മോഡിഫിക്കേഷനൊന്നും വിധേയമാക്കാത്ത ബജാജ് നല്‍കിയ കമ്പനി ഡോമിനറിലാണ് ഈ വേഗത കുറിച്ചതെന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്. ഒരുപക്ഷേ സ്പീഡോമീറ്റര്‍ തകരാറായിരിക്കും ഈ മിന്നല്‍ വേഗതയ്ക്ക് കാരണമെന്നും ഇസിയു റീമാപ്പിംഗ് നടത്തിയ ഡൊമിനാറാകാം വീഡിയോയിലെന്നുമൊക്കെ വാദങ്ങളുണ്ട്. എഞ്ചിന്‍ വേഗതയ്ക്ക് മേലുള്ള നിയന്ത്രണം റീമാപ്പിംഗിലൂടെ എടുത്തുകളഞ്ഞാല്‍ ബൈക്കിന്റെ ആര്‍പിഎം നില വര്‍ധിക്കും. ഇങ്ങനെ 15 കിലോമീറ്റര്‍ വേഗത വരെ കൂടും. സമാനമായി ഗിയര്‍ അനുപാതത്തില്‍ മാറ്റം വരുത്തിയാലും ബൈക്കിന് കൂടുതല്‍ വേഗതയാര്‍ജ്ജിക്കാന്‍ സാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

സാധാരണയായി സുരക്ഷയെ മുന്‍നിര്‍ത്തി ബൈക്കുകളിലെ സ്പീഡോമീറ്റര്‍ യഥാര്‍ത്ഥ വേഗതയിലും അഞ്ചു ശതമാനം കൂടുതല്‍ വേഗതയാണ് രേഖപ്പെടുത്താറ്. അതായത് മണിക്കൂറില്‍ 60 കിലോമീറ്ററാണ് ബൈക്കിന്റെ യഥാര്‍ത്ഥ വേഗതയെങ്കില്‍ 64 കിലോമീറ്ററായിരിക്കും സ്പീഡോമീറ്ററില്‍ കാണിക്കുന്ന വേഗത.

ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ 2016 ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

പൾസറി​ന്‍റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന്​ കടം കൊണ്ടതാണ്​. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ്​ ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ്​ സ്​പീഡ്​ ഗിയർബോക്​സാണ്​ ഡൊമിനറി​ന്‍റെ ട്രാൻസ്​മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്.