ഇന്ത്യന്‍ നിരത്തുകളിലെ ഇരുചക്രവാഹന രാജാവും ഐക്കണിക്ക് ബ്രാന്‍റുമായ റോയല്‍ എന്‍ഫീല്‍ഡിനെ ട്രോളി രാജ്യത്തെ പ്രമുഖ വാഹനനിര്‍മ്മാതാക്കളായ ബജാജിന്‍റെ പരസ്യചിത്രം. ബജാജ് നിരയിലെ ഏറ്റവും കരുത്തുറ്റ പുതിയ ഡോമിനാറിനായി ഒരുക്കിയ പരസ്യത്തിലാണ് ഇന്ത്യന്‍ നിര്‍മാതാക്കളായ ബജാജ് പരോക്ഷമായി റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകളെ കളിയാക്കിയത്.
ബുള്ളറ്റിന്റെ ഐക്കണിക് എന്‍ജിന്‍ ശബ്ദം അതേപടി പകര്‍ത്തി എന്‍ഫീല്‍ഡ് ബൈക്കുകളെ ആനകളായാണ് ഒരുമിനിറ്റ് ദൈര്‍ഘ്യമുള്ള പരസ്യത്തില്‍ അവതരിപ്പിച്ചത്. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാക്കുകളോടെയാണ് പരസ്യം തുടങ്ങുന്നത്. കുറച്ച് സഞ്ചാരികള്‍ ഹെല്‍മറ്റും പരിവാരങ്ങളുമായി ആനപ്പുറത്തുകയറി പ്രയാസപ്പെട്ട് യാത്ര ചെയ്യുന്നതും പിന്നാലെ ചീറിപാഞ്ഞെത്തിയ ഡോമിനാര്‍ 400 ആനകള്‍ക്കിടയിലൂടെ നിഷ്പ്രയാസം കുതിക്കുന്നതുമാണ് പരസ്യം.
ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ ആദ്യ ഹൈ കപ്പാസിറ്റി മോട്ടോര്‍ സൈക്കിള്‍ ഡോമിനര്‍ 400 കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ഒടുവിലാണ് വിപണിയിലെത്തിയത്. പൾസർ സീരിസിനു മുകളിലുള്ള ഡോമിനറില്‍ നിന്നുള്ള ആദ്യ മോഡലായ ഡോമിനര്‍ 400 പൂണക്കടുത്ത് ചക്കനിലുള്ള പ്ലാന്‍റില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.
പൾസറിന്റെ ഡിസൈൻ പാറ്റേൺ തന്നെ പിന്തുടരുന്ന ഡൊമിനറിന്‍റെ ഹൃദയം പക്ഷേ കെടിഎം 390 ഡ്യൂക്കിൽ നിന്ന് കടം കൊണ്ടതാണ്. ഡ്യൂക്കിന്‍റെ ഫ്യുവല്‍ ഇന്‍ജക്ഷനോടും ലിക്വിഡ് കൂളിംഗോടും കൂടിയ 373.2സി സി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് ഡൊമിനറിനും കരുത്ത് പകരുന്നത്. 35bhp പവർ ഈ എഞ്ചിൻ നൽകും. ആറ് സ്പീഡ് ഗിയർബോക്സാണ് ഡൊമിനറിന്‍റെ ട്രാൻസ്മിഷൻ. ട്രിപ്പിള്‍സ് പാര്‍ക്ക് ഫോര്‍വാള്‍വ് ഡി ടി എസ് ഐ എന്‍ജിനോട്കൂടിയ ഡോമിനാര്‍ 400 ബജാജിന്റെ പ്രീമിയം ബൈക്കിംഗ് ശ്രേണിയിലെ ആദ്യത്തേതാണ്. ഇന്ത്യയിൽ യുവാക്കളുടെ ഹരമാണ് ബജാജിന്റെ പൾസർ സിരീസിലുള്ള ബൈക്കുകൾ. എകദേശം അതേ രൂപഭാവങ്ങളുമായി കൂടുതൽ കരുത്തോടെ പുതിയ ഡൊമിനര്‍ നിരത്തിലിറങ്ങുന്നതോടെ ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ വ്യവസായത്തില്‍ തന്നെ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് ബജാജിന്‍റെ കണക്കുകൂട്ടല്‍.
എന്തായാലും യൂടൂബില്‍ ഹിറ്റായ ഈ പരസ്യം ഇതുവരെ മൂന്നുലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. നിരവധി ആളുകള്‍ പരസ്യത്തിനെതിരെയും അനുകൂലിച്ചുമൊക്കെയുള്ള കമന്‍റുകളുമായും രംഗത്ത് വന്നിട്ടുണ്ട്.

