വിലയും കുറച്ച് ക്ലാസിക്ക് ലുക്കില്‍ പുത്തന്‍ പൾസർ 150

പൾസറിന്റെ വില കുറഞ്ഞ വകഭേദം ബജാജ് ഓട്ടോ ലിമിറ്റഡ് പുറത്തിറക്കി. നിലവില്‍ വില്‍പനയിലുള്ള 2018 പള്‍സര്‍ 150 -യുടെ പ്രാരംഭ വകഭേദമായ ബൈക്കിന്റെ മുംബൈ എക്‌സ്‌ഷോറൂം വില 67,437 രൂപയാണ്. പൾസറിൽ നിന്ന് ഗ്രാഫിക്സ്, ടാങ്ക് എക്സറ്റൻഷൻ, വിഭജിച്ച സീറ്റ്, പിൻ ഡിസ്ക് ബ്രേക്ക് തുടങ്ങിയവ ഒഴിവാക്കിയാണ് ബജാജ് പൾസർ 150 ക്ലാസിക് വിപണിയിലെത്തിക്കുന്നത്.

എഞ്ചിനിൽ കാര്യമായ മാറ്റമൊന്നുമില്ലാതെയാണ് പൾസർ 150 ക്ലാസിക്ക് എത്തുന്നത്. 149 സി സി, സിംഗിൾ സിലിണ്ടർ, ഫോർ സ്ട്രോക്ക് എൻജിനാണു ഹൃദയം. 8,000 ആർ പി എമ്മിൽ 14 ബി എച്ച് പി വരെ കരുത്തും 6,000 ആർ പി എമ്മിൽ 13.4 എൻ എം ടോർക്കും ഈ എൻജിൻ സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍. ബ്‌ലെസ് ടയറുകളാണ് ഇരു ചക്രങ്ങളിലും. സസ്‌പെന്‍ഷന് വേണ്ടി മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഗ്യാസ് ചാര്‍ജ്ഡ് ട്വിന്‍ റിയര്‍ ഷോക്ക് അബ്‌സോര്‍ബറുമുണ്ട്. ഹോണ്ട യൂണികോൺ, ഹീറോ അച്ചീവർ 150, തുടങ്ങിയവയാണ് പൾസർ 150 ക്ലാസിക്കിന്റെ മുഖ്യ എതിരാളികള്‍.

എന്നാല്‍ തുടക്കത്തിൽ മഹാരാഷ്ട്രയിൽ മാത്രമാണു പൾസർ 150 ക്ലാസിക് വിൽപ്പനയ്ക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രമേണ മറ്റു സംസ്ഥാനങ്ങളിലും ബൈക്ക് ലഭ്യമാവും.