Asianet News MalayalamAsianet News Malayalam

15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കണമെന്ന് സിയാം

Ban 15 year old vehicles to curb pollution Siam
Author
First Published Sep 8, 2017, 10:00 PM IST

രാജ്യത്തെ പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ പതിനഞ്ച് വര്‍ഷത്തിലേറെ പഴക്കമുള്ള മുഴുവന്‍ വാഹനങ്ങളും നിരോധിക്കണമെന്ന് സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ച്ചേഴ്‌സ്) കേന്ദ്രസര്‍ക്കാറിനോടാവശ്യപ്പെട്ടു. 57-ാമത് സിയാം വാര്‍ഷിക യോഗത്തില്‍ സിയാം പ്രസിഡന്റ് വിനോദ് കെ ദാസറിയാണ് ആവശ്യം മുന്നോട്ടുവച്ചത്.

പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാന്‍ ഞങ്ങള്‍ പലതും ചെയ്യുന്നുണ്ട്, മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ ബിഎസ് 6 നിലവാരം കൈവരിക്കാനുള്ള ശ്രമത്തിലാണിപ്പോള്‍. ഇതിനൊപ്പം മലിനീകരണം പിടിച്ചുനിര്‍ത്താന്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ നിരോധിക്കാന്‍ പുതിയ നിയമം കൊണ്ടുവരണമെന്ന് സര്‍ക്കാറിനോട് തങ്ങള്‍ ആവശ്യപ്പെട്ടതായും ഇന്ത്യന്‍ വാഹന വിപണിയുടെ വളര്‍ച്ചയ്ക്കായി നാഷണല്‍ ഓട്ടോമോട്ടീവ് ബോര്‍ഡിന് രൂപം നല്‍കണമെന്നും ദസറി പറഞ്ഞു.

നിലവില്‍ 2020 ഏപ്രിലോടെ ഭാരത് സ്‌റ്റേജ് 6 നിലവാരം നിര്‍ബന്ധമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതോടെ മലിനീകരണം വലിയൊരളവില്‍ കുറയ്ക്കാന്‍ സാധിക്കും. നേരത്തെ മലിനീകരണം തടയാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിശ്ചിത കാലയളവില്‍ 15 വര്‍ഷത്തിലേറെ പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. സിയാം നിര്‍ദേശത്തോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടെടുക്കുകയാണെങ്കില്‍ രാജ്യത്തെ ലക്ഷക്കണക്കിന് വാഹനങ്ങള്‍ നിരത്തിലിറക്കാനുള്ള അനുമതി ഇല്ലാതാകും.

പെട്രോളിന്റെയും ഡീസലിന്‍റെയും കാലം കഴിഞ്ഞെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‍കരി വ്യക്തമാക്കിയിരുന്നു. വൈദ്യുതിപോലെ ബദൽ ഇന്ധനങ്ങൾ സ്വീകരിക്കാത്ത വാഹനങ്ങൾ ഇടിച്ചുനിരത്തുമെന്നും സമ്മേളനവേദിയില്‍ മന്ത്രി പറഞ്ഞു.

ബാറ്ററി ഉപയോഗിക്കുന്ന വാഹനങ്ങൾക്കുള്ള ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച നിർദേശം ഉടൻ സർക്കാർ പരിഗണിക്കുമെന്നും മലിനീകരണം തടയുക, എണ്ണ ഇറക്കുമതി കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളിൽ നിന്നു പിന്നോട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതു സംബന്ധിച്ച് ക്യാബിനറ്റ് നോട്ട് തയാറായിക്കൊണ്ടിരിക്കുകയാണെന്ന് പറഞ്ഞ മന്ത്രി വാഹനനിര്‍മ്മാതാക്കളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്‍തു.

Follow Us:
Download App:
  • android
  • ios