ടാറ്റ സിയറ ഗംഭീരമായ തിരിച്ചുവരവ് നടത്തി, ആദ്യ ദിനം തന്നെ 70,000-ൽ അധികം ബുക്കിംഗുകൾ നേടി. ഒരു പ്രീമിയം മിഡ്-എസ്‌യുവി എന്ന നിലയിൽ, ആഢംബരം, സുരക്ഷ, പ്രകടനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ ലക്ഷ്യമിടുന്നു.

ടാറ്റ സിയറയുടെ ജനപ്രീതിയാർജ്ജിച്ച മോഡൽ ഇന്ത്യയിലെ വാഹന പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി ഗംഭീര തിരിച്ചുവരവ് നടത്തി. ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ച ആദ്യ ദിവസം തന്നെ, 70,000-ൽ അധികം ബുക്കിംഗുകൾ നേടിയെന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ഈ വമ്പൻ പ്രതികരണം സിയറയുടെ ഐതിഹാസികമായ പദവിയും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളുടെ ഹൃദയത്തിലും മനസിലും ഒരു പ്രീമിയം മിഡ്-എസ്‍യുവി എന്ന നിലയിലുള്ള അതിൻ്റെ ആകർഷണീയതയും അടിവരയിടുന്നുവെന്നും കമ്പനി പറയുന്നു.

ടാറ്റ സിയറയുടെ ഇതിഹാസ പദവിക്ക് കൂടുതൽ ശക്തിപകരുന്ന ഈ വമ്പൻ പ്രതികരണത്തിന് തങ്ങൾ ഉപഭോക്താക്കൾക്ക് ആത്മാർത്ഥമായി നന്ദി പറയുന്നുവെന്ന് ബുക്കിംഗ് നാഴികക്കല്ലിനെക്കുറിച്ച് സംസാരിച്ചുകൊണ്ട് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ചീഫ് കൊമേഴ്സ്യൽ ഓഫീസർ വിവേക് ശ്രീവാത്സ പറഞ്ഞു. മാനദണ്ഡങ്ങളെ പുനർനിർവചിക്കുന്നതോടൊപ്പം സിയറ പ്രീമിയം മിഡ്-എസ്‍യുവി എന്ന ഒരു പുതിയ സെഗ്‌മെന്റിനു തുടക്കമിട്ടുവെന്നും ഉപഭോക്താക്കളുടെ വളരുന്ന അഭിലാഷങ്ങൾക്ക് അനുസരിച്ചുള്ള ഒരു മിഡ്-സൈസ് എസ്‍യുവി എന്തായിരിക്കാമെന്ന് ഇത് പുനർവിചിന്തനം ചെയ്യുന്നുവെന്നും കമ്പനി പറയുന്നു. സ്ഥലം, സുഖം, ആഡംബരം, സുരക്ഷ, ദൈനംദിന ഉപയോഗക്ഷമത എന്നിങ്ങനെ എല്ലാ മാനങ്ങളും മെച്ചപ്പെടുത്തി സിയറ ഈ വിഭാഗത്തെ ഒരു പുതിയ മാനദണ്ഡത്തിലേക്ക് ഉയർത്തുന്നു. സിയറ ഒരു വാഹനം എന്നതിലുപരി പുരോഗതിയുടെയും വ്യക്തിത്വത്തിൻ്റെയും അഭിലാഷത്തിൻ്റെയും പ്രതീകമായി നിലകൊള്ളുന്നുവെന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.

2025 നവംബർ 25-ന് ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ് പുറത്തിറക്കിയ പുതിയ ടാറ്റ സിയറ, മൂന്ന് പതിറ്റാണ്ടുകളായി ആളുകളുടെ അഭിലാഷങ്ങൾക്കും സ്വത്വങ്ങൾക്കും ഓർമ്മകൾക്കും രൂപം നൽകിയ ഒരു ഇതിഹാസത്തിന്റെ പുനർജന്മത്തെ അടയാളപ്പെടുത്തുന്നുവെന്ന് കമ്പനി പറയുന്നു. ഒരു പുതിയ യുഗത്തിനായി സൂക്ഷ്മമായി രൂപകൽപ്പന ചെയ്ത സിയറ, അതിൻ്റെ ഇതിഹാസ പൈതൃകവും വ്യതിരിക്തമായ ഡിഎൻഎയും നിലനിർത്തുകയും അത്യാധുനിക ആധുനികതയെ സ്വീകരിക്കുകയും ചെയ്യുന്നു. 1.5L ക്രിയോജെറ്റ് ഡീസൽ, 1.5L ടിജിഡി ഹൈപ്പീരിയൻ പെട്രോൾ, 1.5L എൻഎ റെവോട്രോൺ പെട്രോൾ എന്നിങ്ങനെ മൂന്ന് അത്യാധുനിക പവർട്രെയിനുകളോടൊപ്പം ലഭ്യമായ സിയറ, വൈവിധ്യമാർന്ന ഡ്രൈവിംഗ് ആവശ്യങ്ങളിൽ സുഗമവും ആത്മവിശ്വാസമുള്ളതുമായ പ്രകടനം നൽകുന്നുവെന്നും ടാറ്റാ മോട്ടോഴ്സ് പറയുന്നു.