ഇറ്റാലിയന്‍ സൂപ്പര്‍ ബൈക്ക് നിര്‍മ്മാതാക്കളായ ബെനെലിയുടെ മിഡ് റേഞ്ച് അഡ്വഞ്ചര്‍ ബൈക്കായ TRK 502  ഇന്ത്യയില്‍ പുറത്തിറക്കി. അഞ്ചു ലക്ഷം രൂപയാണ് വാഹനത്തിന്റെ ദില്ലി എക്‌സ്‌ ഷോറും വില. ഓഫ് റോഡ് യാത്രകള്‍ക്ക് കൂടുതല്‍ ഇണങ്ങുന്ന TRK 502X മോഡലും ഇന്ത്യയിലെത്തിയിട്ടുണ്ട്. 5.40 ലക്ഷം രൂപയാണ് ഇതിന്റെ എക്‌സ്‌ഷോറൂം വില. 

ഇരു ബൈക്കുകളിലും 499.6 സിസി പാരലല്‍ ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് ഹൃദയം. 8500 ആര്‍പിഎമ്മില്‍ 47 ബിഎച്ച്പി പവറും 6000 ആര്‍പിഎമ്മില്‍ 46 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്‍ടിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്. മുന്നില്‍ 50 എംഎം യുഎസ്ഡി ഫോര്‍ക്കും പിന്നില്‍ മോണോഷോക്കുമാണ് സസ്‌പെന്‍ഷന്‍. സുരക്ഷയ്ക്കായി മുന്നില്‍ 320 എംഎം ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 260 എംഎം ഡിസ്‌ക് ബ്രേക്കുമാണുള്ളത്. ഡ്യുവല്‍ ചാനല്‍ എബിഎസും സുരക്ഷ ഉറപ്പാക്കും. റെഡ്, വൈറ്റ്, ഗ്രാഫൈറ്റ് ഗ്രേ എന്നീ മൂന്ന് നിറങ്ങളില്‍ വാഹനം ലഭ്യമാകും. 

മുന്നിലെ സ്‌പോര്‍ട്ടി ഫെന്‍ഡര്‍, വലിയ വിന്‍ഡ് സ്‌ക്രീന്‍, ഹാന്‍ഡില്‍ ബാറിലെ നോക്കിള്‍ ഗാര്‍ഡ്, ഡ്യുവല്‍ ഹെഡ്‌ലാമ്പ് എന്നിവ TRK 502-നെ വ്യത്യസ്തമാക്കുന്നു. 2200 എംഎം നീളവും 915 എംഎം വീതിയും 1450 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 800 എംഎം ആണ് സീറ്റ് ഹൈറ്റ്. ഗ്രൗണ്ട് ക്ലിയറന്‍സ് 190 എംഎം. അതേസമയം TRX 502X മോഡലിന് 840 എംഎം സീറ്റ് ഹൈറ്റും 220 എംഎം ഗ്രൗണ്ട് ക്ലിയറന്‍സുമുണ്ട്. സ്റ്റാന്റേര്‍ഡില്‍ മുന്നിലും പിന്നിലും 17 ഇഞ്ചാണ് വീല്‍. 502X-ല്‍ മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 17 ഇഞ്ച് വീലുമാണുള്ളത്. 20 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി.  കവസാക്കി വെര്‍സിസ് 650, സുസുക്കി വി-സ്‌ട്രോം 650XT, SWM സൂപ്പര്‍ഡ്യൂവല്‍ T എന്നിവയാണ് ബെനെലി TRK 502-ന്‍റെ മുഖ്യ എതിരാളികള്‍. 

10,000 രൂപ സ്വീകരിച്ച് വാഹനത്തിനുള്ള ബുക്കിങ് കമ്പനി ആരംഭിച്ചിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ക്യാഷ് ബാക്ക് ഓഫറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.