വാടകക്ക് കാര്‍ വിളിച്ച് സഞ്ചരിക്കുന്നതു പോലെ ഇനി ആകാശത്തുകൂടെയും ടാക്സിയില്‍ സഞ്ചരിക്കാം. അതു നഗരത്തിലെ തിരക്കും ട്രാഫിക്ക് കുരുക്കുകളുമൊക്കെ ഒഴിവാക്കിക്കൊണ്ട്! വിശ്വസിക്കാന്‍ തോന്നുന്നില്ലേ? എന്നാല്‍ സംഗതി സത്യമാണ്. ബെംഗളൂരുവിലാണ് രാജ്യത്തെ ആദ്യത്തെ ഹെലി ടാക്സി പദ്ധതി നടപ്പിലാകുന്നത്. ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽനിന്നു നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ഹെലി–ടാക്സി സർവീസ് പദ്ധതി കേന്ദ്രമന്ത്രി ജയന്ത് സിൻഹ ഉദ്ഘാടനം ചെയ്തു. മലയാളി ഉടമസ്ഥതയിലുള്ള തുമ്പി ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്‍റെതാണ് ഈ പദ്ധതി എന്നതാണ് മറ്റൊരു പ്രത്യേകത.

നഗരത്തിൽ തൊണ്ണൂറോളം ഹെലിപ്പാ‍ഡുകളുണ്ട്. കാലക്രമേണ നഗരത്തിലെ ബഹുനിലക്കെട്ടിടങ്ങളുടെ ഹെലിപ്പാഡുകളെല്ലാം ഇത്തരം സർവീസിന് ഉപയോഗപ്പെടുത്തുന്ന രൂപത്തിലാണ് കർണാടക സർക്കാരിന്റെ പദ്ധതി.

ഹെലി ടാക്സിയുടെ നിരക്കുകൾ പ്രഖ്യാപിച്ചിട്ടില്ല. ഇലക്ട്രോണിക് സിറ്റിയിൽനിന്നു വിമാനത്താവളം വരെ 1500– 2500 രൂപയാണ് ടാക്സികൾ ഈടാക്കുന്നത്. മൂന്നു മാസത്തിനകം ഇലക്ട്രോണിക് സിറ്റിയിലേക്കും പിന്നീട് ഘട്ടം ഘട്ടമായി വൈറ്റ്‌ഫീൽഡ്, പഴയ എച്ച്എഎൽ വിമാനത്താവളം എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങും. ആറു പേർക്കു യാത്ര ചെയ്യാവുന്ന ബെൽ 407 ചോപ്പറാകും ആദ്യഘട്ടത്തിൽ സർവീസിന് ഉപയോഗിക്കുക. വിമാനത്താവളത്തിൽനിന്നു 15 മിനിറ്റ് കൊണ്ട് ഇലക്ട്രോണിക് സിറ്റിയിലെത്തും. 50 കിലോമീറ്റർ ദൂരം താണ്ടാൻ നിലവിൽ റോഡിലെ ഗതാഗതക്കുരുക്കനുസരിച്ച് ഒന്നര മുതൽ മൂന്നു മണിക്കൂർ വരെ വേണം.