ബാഹുബലിയിലെ വില്ലന്‍ ബല്ലാല ദേവന്‍റെ രഥം ഓര്‍മ്മയില്ലേ? ബല്ലാല ദേവന്‍റെ വേഷത്തില്‍ തകര്‍ത്താടിയ റാണ ദഗ്ഗുബതി എതിരാളികളെ അരിഞ്ഞുവീഴ്‍ത്താന്‍ ഉപയോഗിക്കുന്ന ആ അദ്ഭുതരഥത്തിന്‍റെ കഥയറിഞ്ഞ് അമ്പരന്നിരിക്കുകയാണ് പ്രേക്ഷകര്‍ക്കൊപ്പം വാഹനപ്രേമികളും. ഹോളിവുഡ് ചത്രങ്ങളിലെ യുദ്ധോപകരണങ്ങളെ വെല്ലുന്ന ഈ രഥം ഡിസൈനര്‍ സാബു സിറിള്‍ തയ്യാറാക്കിയത് സാക്ഷാല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റിന്‍റെ എഞ്ചിന്‍ ഉപയോഗിച്ചാണ്.

ബാഹുബലിയുടെ ആദ്യ ഭാഗത്തിലാണ് ബല്ലാല ദേവന് യുദ്ധത്തിൽ കൂട്ടകൊല നടത്താൻ പറ്റുന്നൊരു രഥം എന്ന ആശയം സംവിധായകൻ രാജമൗലി സാബു സിറിളിനോട് പറയുന്നത്. ബല്ലാലദേവന്റെ അടുത്തുവരുന്നവരെയെല്ലാം അരിഞ്ഞെറിയുന്ന രഥം എന്ന ആ ആശയത്തിൽ നിന്നാണ് ഇപ്പോൾ കാണുന്ന രഥം ഉണ്ടാക്കുന്നത്. ആദ്യ ഭാഗത്തിലെ രഥത്തിൽ നാലു ബ്ലെയിഡുകൾ വീതമുള്ള ഫാനായിരുന്നു ഉണ്ടായിരുന്നതെങ്കില്‍ രണ്ടാം ഭാഗത്തില്‍ മൂന്ന് ഫാനുകളാക്കി ഉയര്‍ത്തി.

സ‍ഡൻ പിക്കപ്പ് അവശ്യമില്ലെങ്കിലും ഭാരം വഹിക്കുകയും വേണമെന്നതുകൊണ്ടാണ് ബുള്ളറ്റിന്റെ എൻജിൻ തിരഞ്ഞെടുത്തതെന്ന് സാബു സിറില്‍ പറയുന്നു. റോയൽ എൻഫീൽഡിന്റെ 500 സിസി എൻജിന് മറ്റ് എൻജിനുകളെ അപേക്ഷിച്ച് ടോർക്ക് കൂടുതലാണെന്നതും സാബുസിറിളിനെ ഇതിലേക്ക് ആകര്‍ഷിച്ചു. ഒരു മാസം എടുത്താണ് രഥത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.

സെക്കന്റ് ഹാൻഡ് ബുള്ളറ്റിലാണ് രഥം ഒരുക്കിയത്. ഹാൻഡിലിന് പകരം സ്റ്റിയറിങ്ങാണ് രഥത്തിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചത്. മുന്നിലും പിന്നിലും രണ്ട് വീലുകളാണുള്ളത്. മഹീന്ദ്രയുടെ ചെറു പിക്കപ്പിന്റെ സ്റ്റിയറിങ് അസംബ്ലിയാണിത്. രഥത്തിൽ ഒരാള്‍ ഡ്രൈവിംഗ് സീറ്റിലുണ്ട്. എന്നാല്‍ ആൾ ഇരിക്കുന്ന സ്ഥലത്തു നിന്നാണ് അമ്പുകൾ തൊടുക്കുന്നതെന്നതിനാല്‍ പ്രേക്ഷകരുടെ കണ്ണില്‍ ഈ ഡ്രൈവര്‍ പെടില്ലെന്നു മാത്രം!