പൊലീസിനെ കണ്ട് ഭയന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. കോട്ടയം പിണ്ണാക്കനാട് സ്വദേശി ബെന്നിയുടെ മകൻ ബിൻസ് ബെന്നിയാണ് മരിച്ചത്.
വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് സംഭവം. മരിച്ച ബിൻസടക്കം 4 പേർ രണ്ട് ബൈക്കുകളിലായി സുഹൃത്തിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. കാളകെട്ടിക്ക് സമീപത്ത് വച്ച് പൊലീസ് വാഹനം കണ്ട ഇവര്‍ രക്ഷപ്പെടാൻ ശ്രമിച്ചു.ഇതിനിടെയാണ് നിയന്ത്രണം വിട്ട ബൈക്ക് സമീപത്തുള്ള വീടിന്റെ മതിലിലേക്ക് ഇടിച്ച് കയറിയത്. ബിൻസ് സംഭവ സ്ഥലത്ത് തന്നെ വച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന രാഹിലിനും പരിക്കേറ്റു.
പൊലീസ് വാഹനത്തിലാണ് ഇരുവരെയും ആശുപത്രിയിലെത്തിച്ചത്. വൈകീട്ട് 5 മണിക്കാണ് ബിൻസിന്റെ സംസ്കാരച്ചടങ്ങുകൾ. അതേസമയം പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്താൻ യുവജനസംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തെ പറ്റി പൊലീസ് വിശദീകരണം ഇങ്ങനെ. രാത്രികാലപെട്രോളിങ്ങിനായി സ്ഥിരം പോകുന്ന വഴിയാണ്.
ബൈക്കിനെ പിന്തുടര്‍ന്നിട്ടില്ലെന്നും അപകടത്തിൽപ്പെട്ട യുവാക്കളെ ആശുപത്രിയിലെത്തിച്ചുവെന്നും പൊലീസ് വിശദീകരിച്ചു.
