ഇന്ത്യയിലെ ഐക്കണിക് ഇരുചക്രവാഹന ബ്രാന്‍റാണ് റോയല്‍ എന്‍ഫീല്‍ഡ്. ഏകദേശം ഒന്നരലക്ഷം രൂപ മുതലാണ് റോയല്‍ എന്‍ഫീല്‍ഡ് മോഡലുകളുടെ ആരംഭവില. എന്നാല്‍ ഒന്നരലക്ഷം വിലയുള്ള ഈ ബുള്ളറ്റ് കവരാന്‍ മോഷ്‍ടാക്കള്‍ക്ക് ഒന്നര മിനിറ്റു പോലും വേണ്ടെന്ന് തെളിയിക്കുകയാണ് ഒരു വീഡിയോ. തമിഴ്‍നാട്ടിലെ ഒരു പൊലീസ് സ്റ്റേഷന്‍ പരിസരത്ത് ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

പിടിയിലായ ഒരു മോഷ്‍ടാവ് പൊലീസിന് ബുള്ളറ്റ് കവരുന്നതിനെപ്പറ്റി വിശദീകരിച്ചു കൊടുക്കയാണ് ഈ വീഡിയോയില്‍. പൊലീസിന്‍റെ നിര്‍ദ്ദേശം അനുസരിച്ച് മോഷ്‍ടാവ് ഹാന്‍ഡില്‍ ലോക്ക് ചെയ്തിട്ടിരിക്കുന്ന ഒരു ബുള്ളറ്റിന്‍റെ ലോക്ക് അനായാസം പൊട്ടിക്കുന്നതും താക്കോലില്ലാതെ നിമിഷങ്ങള്‍ക്കുള്ളില്‍ അത് സ്റ്റാര്‍ട്ട് ചെയ്യുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍. മിനിറ്റുകള്‍ക്കുള്ളില്‍ കാര്യം സാധിക്കുന്ന മോഷ്‍ടാവിന്‍റെ മിടുക്ക് കണ്ട് പൊലീസുകാര്‍ അദ്ഭുതപ്പെടുന്നതും വീഡിയോയില്‍ കാണാം.