ബിജെപി എംഎല്‍എ അത്യാഢംബര കാറായ ലംബോര്‍ഗിനിയില്‍ നിയമസഭാ സമ്മേളനത്തിനെത്തിയ സംഭവം വിവാദമാകുന്നു. മഹാരാഷ്ട്രയിലെ മിരാ ഭയന്തറില്‍ നിന്നുള്ള ബിജെപി എംഎല്‍എ നരേന്ദ്ര മെഹ്തയാണഅ വിവാദനായകനായിരിക്കുന്നത്.

മഹാരാഷ്ട്ര നിയമസഭയായ വിധാന്‍ ഭവനിലേക്ക് ആഢംബര കാറായ ലംമ്പോര്‍ഗിനിയിലാണ് എംഎല്‍എ വന്നിറങ്ങിയത്. ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഓറഞ്ച് ലംമ്പോര്‍ഗിനി ഉറാക്കാന്‍ ഓടിച്ച് എത്തുകയായിരുന്നു നരേന്ദ്ര മെഹ്ത. മിരാ ഭയന്തര്‍ മേഖലയില്‍ നിന്നുള്ള റിയല്‍ എസ്‌റ്റേറ്റ് വ്യവസായിയും മിരാ ഭയന്തര്‍ മുന്‍സിപല്‍ കോര്‍പറേഷന്‍ മേയറുമാണ് നരേന്ദ്ര മെഹ്ത. സംഭവം വിവാദമായതിനെ തുടർന്ന് ലംമ്പോര്‍ഗിനിയെ നിയമസഭയുടെ പരിസരത്ത് നിന്നും നരേന്ദ്ര മെഹ്ത മാറ്റുകയായിരുന്നു.

നരേന്ദ്ര മെഹ്തയുടെ നടപടി ദേശീയ തലത്തിൽ വന്‍വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ലംമ്പോര്‍ഗിനിയില്‍ ബജറ്റ് സമ്മേളനത്തിന് വന്നെത്തിയ നരേന്ദ്ര മെഹ്തയെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എംഎല്‍എ ജിതേന്ദ്ര അഹ്വാദ് നിയമസഭയില്‍ വിമര്‍ശിച്ചു. സാധാരണക്കാരന്റെ പ്രശ്‌നങ്ങളും ബാധ്യതകളും ചര്‍ച്ച ചെയ്യാന്‍ ഒത്ത് കൂടുന്ന നിയമസഭാ സമ്മേളനങ്ങളില്‍ ഇത്തരം പ്രവർത്തികൾ ഉൾക്കൊള്ളാൻ സാധിക്കില്ലെന്ന് പല ദേശീയ നേതാക്കളും വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം ഇതേ ലംമ്പോര്‍ഗിനി ഉറാക്കാന്‍ ഓടിച്ച നരേന്ദ്ര മെഹ്തയുടെ ഭാര്യ സുമന്‍ മെഹ്ത നിയന്ത്രണം വിട്ട് ഒരു ഓട്ടോ റിക്ഷയെ മറിച്ചിട്ടിരുന്നു. ഷോറൂമിൽ നിന്നും ലംമ്പോര്‍ഗിനി ഉറാക്കാൻ ലഭിച്ചതിന് പിന്നാലെ സുമൻ മെഹ്ത ആദ്യമായി ഓടിച്ചപ്പോഴാണ് അപകടമുണ്ടായത്. ഈ വാര്‍ത്തയും ദേശീയശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് 5.5 കോടി രൂപ വിപണിയില്‍ വില വരുന്ന ലംമ്പോര്‍ഗിനി ഉറാക്കാന്‍ മോഡലിനെ നരേന്ദ്ര മെഹ്ത ഭാര്യ സുമൻ മെഹ്തയ്ക്ക് പിറന്നാള്‍ സമ്മാനമായി നല്‍കിയത്.
ലോക പ്രശസ്തമായ ലംമ്പോര്‍ഗിനിയുടെ രാജ്യാന്തര വിപണിയിലുള്ള എന്‍ട്രി ലെവല്‍ സൂപ്പര്‍ കാറാണ് ഉറാക്കാന്‍. 607 bhp കരുത്ത് പകരുന്ന 5.2 ലിറ്റര്‍ V10 എഞ്ചിനാണ് ലംമ്പോര്‍ഗിനി ഉറാക്കാനുള്ളത്. 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, സ്പോര്‍ട്സ് എഡിഷന്‍, 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 3.2 സെക്കന്‍ഡ്, മണിക്കൂറില്‍ 201 കിലോമീറ്റര്‍ വേഗതയില്‍ വരെ കുതിക്കാനുള്ള കഴിവ് തുടങ്ങിയവ ലംബോര്‍ഗിനി ഉറാക്കാന്‍റെ പ്രത്യേകതളാണ്.