മണിക്കൂറിൽ 1610 കിലോമീറ്റർ വേഗതയില്‍ കുതിക്കുന്ന ഒരു കാര്‍. കേട്ടിട്ട് വിശ്വസിക്കാന്‍ തോന്നുന്നില്ല അല്ലേ? എന്നാല്‍ സംഗതി സത്യമാണ്. മണിക്കൂറിൽ 1610 കിലോമീറ്റർ വേഗം എന്ന ലക്ഷ്യം കൈവരിച്ചു ലോകത്തിലെ ഏറ്റവും വേഗമുള്ള കാറാകാൻ ഒരുങ്ങുന്ന ബ്ലഡ് ഹൗണ്ടിന്റെ ആദ്യപരീക്ഷണ ഓട്ടം കഴിഞ്ഞദിവസം നടന്നു. എകദേശം 135,000 ബിഎച്ച്പി കരുത്തുള്ള കാർ മണിക്കൂറിൽ 1000 മൈൽ (മണിക്കൂറിൽ 1600 കിലോമീറ്റർ) വേഗത്തിൽ സഞ്ചരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുദ്ധ വിമാനത്തിന്റെ ജെറ്റ് എൻജിനാണ് ബ്ലഡ്ഹൗണ്ടിന് കരുത്തു പകരുന്നത്. 13.5 മീറ്റര്‍ നീളമുള്ള കാറിന് ഫോർമുല വണിൽ പങ്കെടുക്കുന്ന കാറുകളേക്കാൾ ഏഴ് മടങ്ങ് വേഗമാണുള്ളത്. വെറും 55 സെക്കന്റുകൾക്കകം 1000 മൈൽ വേഗത്തിലേക്ക് എത്തുന്ന കാര്‍ മണിക്കൂറിൽ 320 കി.മീ. വേഗം വെറും ഒൻപതു സെക്കൻഡിനുള്ളിൽ ഓടിയെത്തി. ബ്ലഡ്ഹൗണ്ടിന്റെ ചെലവ് 510 കോടി രൂപ വരുമെന്നാണു കരുതപ്പെടുന്നത്. ലോകത്തെ ഏറ്റവും മികച്ച ഫൈറ്റർ ജെറ്റുകളിലൊന്നായ യൂറോഫൈറ്റർ ടൈഫൂണിന്റെ രണ്ട് എൻജിനുകളാണ് ഗിന്നസ് റെക്കോർഡിൽ കയറാൻ ശ്രമിക്കുന്ന ഈ കാറിന് കരുത്ത് പകരുന്നത്.
ബ്രിട്ടിഷ് ഫൈറ്റർ ജെറ്റ് പൈലറ്റ് ആൻഡി ഗ്രീനാണു ബ്ലഡ്ഹൗണ്ട് ഓടിച്ചത്. ലോകത്തിൽ ഏറ്റവും കൂടുതൽ വേഗത്തിൽ കാറോടിച്ചയാൾ എന്ന റെക്കോഡിനുടമയാണ് ആന്‍ഡി ഗ്രീന്‍. 1997ൽ ആയിരുന്നു ആന്‍ഡി ഗ്രിൻ എന്ന 763.035 മൈൽ വേഗത്തിൽ കാറോടിച്ച് ലോകത്തെ ഞെട്ടിച്ചത്. രണ്ട് ജെറ്റ് എൻജിൻ ഘടിപ്പിച്ച ഏകദേശം 110,000 ബിഎച്ച്പി കരുത്തുള്ള ത്രസ്റ്റ് എസ്എസ്‌സി എന്ന സൂപ്പർ സോണിക് കാർ തിരുത്തിക്കുറിച്ച ലാൻഡ് സ്പീഡ് റെക്കോർഡായികുന്നു അത്. കഴിഞ്ഞ ദിവസം വാഹനത്തിന്‍റെ എൻജിൻ പ്രവർത്തിപ്പിക്കുന്നതിന്റെ വിഡിയോ പുറത്തുവിട്ടിരുന്നു. ബ്ലെഡ്ഹുഡ് എസ്എസ്‌സിയുടെ പരീക്ഷണയോട്ടം ഈ മാസം അവസാനം ബ്രിട്ടനിൽ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
