ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ലിയു കാറിന്‍റെ എഞ്ചിനില്‍ നിന്നും തീ പടര്‍ന്നു. മുംബൈലാണ് സംഭവം. കാറിന്‍റെ അടിയില്‍ നിന്നും തീ പടരുന്നതിന്‍റെയും കാറിലുള്ളവര്‍ പുറത്തേക്ക് ഇറങ്ങി ഓടുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.

എച്ച്ഡിഎഫ്‍സി സിഇഒ സഞ്ജയ് ത്രിപാഠിയുടെ 2011 മോഡല്‍ ബിഎംഡബ്ലിയു 320 ഡി കാറിനാണ് തീ പിടിച്ചത്. ഇന്നു രാവിലെ 7 മണിക്കായിരുന്നു സംഭവം. അപകട സമയത്ത് ത്രിപാഠിയും മകളുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പാര്‍പ്പിട സമുച്ചയത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും പുറത്തേക്കിറങ്ങുന്ന വാഹനത്തിന്‍റെ മുന്‍ഭാഗത്ത് നിന്നും തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്നാണ് സഞ്ജയ് വാഹനം നിര്‍ത്തിയത്. തുടര്‍ന്ന് ഇരവരും പുറത്തേക്ക് ഇറങ്ങി ഓടുകയായിരുന്നുവെന്ന് ഫസ്റ്റ് സ്പോട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ ചേര്‍ന്ന് വെള്ളവും ഫയര്‍ എസ്റ്റിംഗ്യുഷറും ഉപയോഗിച്ചാണ് തീ കെടുത്തിയത്. സംഭവം ബിഎംഡബ്ലിയുവിന്‍റെ പ്രതിനിധികളെ അറിയിച്ചിട്ടും ഏറെ വൈകിയാണ് പ്രതികരിച്ചതെന്നും പരാതിയുണ്ട്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങല്‍ സഞ്ജയ് തന്നെയാണ് തന്‍റെ ഫേസബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ഓടിക്കൊണ്ടിരിക്കുന്നതിന്‍റെ മൂന്ന് വീഡിയോകളാണ് പോസ്റ്റ് ചെയ്‍തിരിക്കുന്നത്. തീ പടരുന്നത് ഈ വീഡിയോകളില്‍ വ്യക്തമാണ്.

സാങ്കേതിക തകരാറുകളെ തുടര്‍ന്ന വടക്കേ അമേരിക്കയില്‍ ത്രീ സീരിസില്‍പ്പെട്ട 2011 മോഡല്‍ 20 ഡി കാറുകളെ ബിഎംഡബ്ലിയുടെ ഈ മാസം ആദ്യം തിരികെ വിളിച്ചിരുന്നു.