ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു ഇന്ത്യയില്‍ കാര്‍ ഉത്പാദനം ആരംഭിച്ചിട്ട് കഴിഞ്ഞ ദിവസം പത്ത് വര്‍ഷം തികഞ്ഞു. 2007 മാര്‍ച്ച് 29 നായിരുന്നു ചെന്നൈയിലെ ബിഎംഡബ്ല്യു കാര്‍ നിര്‍മാണശാല പ്രവര്‍ത്തനം തുടങ്ങിയത്. ചെന്നൈയില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെ മഹീന്ദ്ര വേള്‍ഡ് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന ബിഎംഡബ്ല്യു പ്ലാന്റില്‍ വിദഗ്ധരായ 500 ജീവനക്കാരുണ്ട്.

പത്ത് വര്‍ഷത്തിനുള്ളില്‍ 57,000 ലേറെ കാറുകള്‍ ഇവിടെ നിന്നും പുറത്തിറങ്ങി. നിലവില്‍ എട്ട് മോഡലുകള്‍ രണ്ട് അസംബ്ലി ലൈനുകളിലായി ചെന്നൈയില്‍ നിര്‍മിക്കുന്നു. വണ്‍ സീരീസ് , ത്രീ സീരീസ്, ത്രീ സീരീസ് ഗ്രാന്‍ടൂറിസ്മോ, ഫൈവ് സീരീസ്, സെവന്‍ സീരീസ്, എക്സ്‍ വണ്‍ , എക്സ്‍ ത്രീ , എക്സ്‍ ഫൈവ് മോഡലുകളാണ് ഇവിടെ നിര്‍മിക്കുന്നത്. വാഹനങ്ങളുടെ 50 ശതമാനം ഘടകങ്ങള്‍ തദ്ദേശീയമായി നിര്‍മിച്ചവയാണ്.