ബിഎംഡബ്ല്യു മോട്ടോറാഡ് നിരയിലേക്ക് പുതിയ രണ്ട് ബൈക്കുകള്‍ കൂടി എത്തി. R നയന്‍ടി റേസര്‍, K 1600B ബാഗര്‍ മോട്ടോര്‍ സൈക്കിളുകളെയാണ് ബിഎംഡബ്ല്യു അവതരിപ്പിച്ചത്. ഗോവയില്‍ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യ ബൈക്ക് വീക്കിലാണ് പുതിയ ബൈക്കുകളെ അവതരിപ്പിച്ചത്. ബൈക്ക് പ്രേമികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് പുതിയ ടൂറിംഗ് മോട്ടോര്‍സൈക്കിളിനെ ഇന്ത്യന്‍ വിപണിയില്‍ കമ്പനി ഇപ്പോള്‍ എത്തിച്ചിരിക്കുന്നത്.

29 ലക്ഷം രൂപയാണ് പുതിയ ബിഎംഡബ്ല്യു K 1600B ബാഗറിന്റെ ദില്ലി എക്‌സ്‌ഷോറൂം വില. K 1600GT യെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ K 1600B ബാഗറിനെ ബിഎംഡബ്ല്യു ഒരുക്കിയിരിക്കുന്നത്.

പുത്തന്‍ ടെയില്‍ എന്‍ഡാണ് K 1600B ബാഗറിന്റെ പ്രധാന ആകര്‍ഷണം. ഉയരം കുറഞ്ഞ ഇന്ത്യന്‍ റൈഡര്‍മാര്‍ക്ക് വേണ്ടി മോട്ടോര്‍സൈക്കിളിന്റെ സീറ്റ് ഉയരം കമ്പനി പ്രത്യേകം കുറച്ചിട്ടുണ്ട്.

ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ വിന്‍ഡ്‌സ്‌ക്രീനും K 1600B ബാഗറില്‍ ഒരുങ്ങിയിട്ടുണ്ട്. വിന്‍ഡ് ഡിഫ്‌ളക്ടറുകളോടൊപ്പമുള്ള പുതിയ സൈഡ് പ്രൊഫൈല്‍ മോട്ടോര്‍സൈക്കിളിന്റെ ടൂറിംഗ് പ്രതിച്ഛായയ്ക്ക് മാറ്റ് പകരുന്നുണ്ട്.

പുതിയ K 1600B ബാഗറിനു കരുത്തുപകരുന്നത് 1,649 സിസി ഇന്‍ലൈന്‍ സിക്‌സ്‌സിലിണ്ടര്‍ എഞ്ചിനാണ്. 160 bhp കരുത്തും 175 Nm ടോര്‍ക്കും ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കും. 6 സ്പീഡാണ് ഗിയര്‍ബോക്‌സ്.

സാറ്റലൈറ്റ് റേഡിയോ, ബ്ലൂടൂത്ത് കണക്ടിവിറ്റിയോടെയുള്ള 5.7 ഇഞ്ച് ഫുള്‍കളര്‍ TFT ഇന്‍സ്ട്രമെന്റ് കണ്‍സോളാണ് K 1600B യുടെ മറ്റൊരു പ്രത്യേകത. ഡ്യുവോലെവര്‍, പാരാലെവര്‍ സസ്‌പെന്‍ഷന്‍ യൂണിറ്റുകളോടെയാണ് പുതിയ ബിഎംഡബ്ല്യു K 1600B എത്തുന്നത്.