പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ലോകത്തിലെ ഒട്ടുമിക്ക വാഹന മോഡലുകളുടെയും ഇലക്ട്രിക്ക് പതിപ്പുകള്‍ പുറത്തിറങ്ങിക്കഴിഞ്ഞു. എന്നാല്‍ ഓഫ് റോഡറുകളില്‍ ഇതുവരെ ഇലക്ട്രിക് പവര്‍ പരീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഈ വിടവ് നികത്തിയിരിക്കുന്നു അമേരിക്കന്‍ കമ്പനിയായ ബൊളിഞ്ചര്‍ മോട്ടോഴ്‌സ്. വാണിജ്യാടിസ്ഥാനത്തില്‍ 2019 അവസാനത്തോടെ വിപണിയിലെത്തുന്ന വാഹനത്തിന്‍റെ പേര് ബൊളിഞ്ചര്‍ B1 എന്നാണ്.
പൂര്‍ണമായും ഇലക്ട്രിക് കരുത്തിലാണ് B1 എന്ന ഓഫ് റോഡര്‍ ബൊളിഞ്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. 60kWh, 100kWh എന്നീ രണ്ട് ബാറ്ററി പാക്കുകളില്‍ കസ്റ്റംമെയ്ഡ് B1 ഇലക്ട്രിക് ഓഫ് റോഡര്‍ ട്രക്ക് ലഭ്യമാകും. 60kWh വേരിയന്റില്‍ ഒറ്റചാര്‍ജില്‍ 180 കിലോമീറ്റര്‍ ദൂരം യാത്രചെയ്യാം. ഉയര്‍ന്ന ബാറ്ററി പാക്കില്‍ 300 കിലോമീറ്റര്‍ ദൂരം പിന്നിടാം. പരമാവധി 360 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും വാഹനത്തിന്‍റെ എന്‍ജിന്‍ സൃഷ്ടിക്കും. ഫുള്‍ കാമ്പ്, ഹാഫ് കാമ്പ് ബോഡി സ്‌റ്റൈലില്‍ ഇഷ്ടത്തിനനുസരിച്ച് ഏത് വേണമെങ്കിലും തിരഞ്ഞെടുക്കാം. ലൈറ്റ് വെയ്റ്റ് അലൂമിനിയം ആര്‍ക്കിടെക്ച്ചറില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഹനത്തിന് 150 ഇഞ്ച് നീളവും 76.5 ഇഞ്ച് വീതിയും 73.5 ഇഞ്ച് ഉയരവും ഉണ്ട്.
4.4 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാം. മണിക്കൂറില്‍ 204 കിലോമീറ്ററാണ് പരമാവധി വേഗം. 7.3 മണിക്കൂര്‍ കൊണ്ട് ചെറിയ ബാറ്ററി പാക്ക് ഫുള്‍ ചാര്‍ജ് ചെയ്യാം. വലിയ ബാറ്ററി പാക്കില്‍ 100 ശതമാനം ചാര്‍ജ് കയറണമെങ്കില്‍ 12.1 മണിക്കൂര്‍ വേണം. നിസാന്‍ ലീഫില്‍ ഉപയോഗിച്ച അതേ ചാര്‍ജിങ് സംവിധാനമാണ് ബൊളിഞ്ചറിലുമുള്ളത്.
