ഫോഴ്‌സ് മോട്ടോഴ്‍സിന്‍റെ എസ്‍യുവി ഗൂര്‍ഖ ബിഎസ്4 പതിപ്പ് പുറത്തിറങ്ങി. 2008 മുതല്‍ വിപണിയിലുള്ള ഫോഴ്‍സ് ഗൂര്‍ഖയുടെ പരിഷ്‍കരിച്ച പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. പുതുക്കിയ എഞ്ചിനും, മള്‍ട്ടി-ലിങ്ക് കോയില്‍ സ്പ്രിംഗ് സസ്‌പെന്‍ഷന്‍ ഒപ്പമുള്ള പുതിയ ചാസിയുമാണ് പുതിയ ഗൂര്‍ഖ ബിഎസ്4 ന്റെ പ്രധാന വിശേഷം. ബിഎസ്4 മാനദണ്ഡങ്ങള്‍ പാലിക്കുന്ന റീട്യൂണ്‍ഡ് 2.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ മോഡലിന്റെ പ്രധാന ഹൈലൈറ്റ്. 85 bhp കരുത്തും 230 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ നിര്‍വ്വഹിക്കുന്നത്.
ഗൂര്‍ഖ എസ്‌യുവിയുടെ രണ്ട് വേരിയന്റുകളെയാണ് ഫോഴ്‌സ് മോട്ടോര്‍സ് ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഹാര്‍ഡ് ടോപ്-സോഫ്റ്റ് ടോപ് ഓപ്ഷനുകള്‍ക്ക് ഒപ്പമാണ് ഗൂര്‍ഖ എക്‌സ്‌പ്ലോറര്‍ വേരിയന്റ് ലഭ്യമാവുക. ഫോര്‍-വീല്‍-ഡ്രൈവില്‍ എത്തുന്ന എക്‌സ്‌പ്ലോറര്‍ വേരിയന്റില്‍ ത്രീ-ഡോര്‍, ഫൈവ്-ഡോര്‍ ഓപ്ഷനുകളും ലഭ്യമാണ്. 5 സീറ്റര്‍, 7 സീറ്റര്‍ വേര്‍ഷനുകളാണ് ഗൂര്‍ഖ എക്‌സ്‌പ്ലോററിനുള്ളത്.
പുതുക്കിയ ഫ്രണ്ട്, റിയര്‍ സ്റ്റീല്‍ ബമ്പറുകള്‍, ഫാറ്റര്‍ റബ്ബര്‍, പുതിയ ബോഡി ഗ്രാഫിക്‌സ്, ക്ലിയര്‍ ലെന്‍സ് ഹെഡ്‌ലാമ്പുകള്‍, ഫുള്‍-ലെങ്ത് സ്ലിപ്-റെസിസ്റ്റന്റ് ഫൂട്ട്‌ബോര്‍ഡ് എന്നിങ്ങനെ നിരവധി പ്രത്യേകതകളുമായാണ് പുതിയ വാഹനം എത്തുന്നത്. സുപ്രീം വൈറ്റ്, മാറ്റ് ബ്ലാക്, കോപ്പര്‍ റെഡ്, മൂണ്‍ബീം സില്‍വര്‍ കളര്‍ സ്‌കീമുകളിലാണ് പുതിയ ഫോഴ്‌സ് ഗൂര്‍ഖ BS4 നിരത്തിലിറങ്ങുക. 5 ഡോര്‍ വേര്‍ഷനില്‍ മാത്രമാണ് ഗൂര്‍ഖ എക്‌സ്പിഡീഷന്‍ ലഭ്യമാവുക. ഒമ്പത് പേരെ വരെ ഉള്‍ക്കൊള്ളുന്ന ഗൂര്‍ഖ എക്‌സ്പിഡീഷനില്‍ റിയര്‍-വീല്‍ ഡ്രൈവാണ്. മഹീന്ദ്ര താര്‍ ആണ് ഗൂര്‍ഖയുടെ പ്രധാന എതിരാളി. 8.45 ലക്ഷം രൂപ മുതല്‍ 11.48 ലക്ഷം രൂപ വരെയാണ് പുതിയ ഗൂര്‍ഖ ബിഎസ്4 ന്റെ വില.
