കൊച്ചി നഗരത്തില്‍ പട്ടാപ്പകല്‍ ബുള്ളറ്റ് മോഷണം
കൊച്ചി: നഗരത്തില് പട്ടാപ്പകല് ബുള്ളറ്റ് മോഷണം. നഗരഹൃദയത്തിലെ സൂപ്പര് മാര്ക്കറ്റിന് മുന്നില് നിര്ത്തിയിട്ടിരുന്ന ബുള്ളറ്റാണ് കടത്തിക്കൊണ്ടുപോയത്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള് ഏഷ്യാനെറ്റ് ന്യൂസിനു ലഭിച്ചു.
ഉച്ചതിരിഞ്ഞ് രണ്ട് മണിയോടെയായിരുന്നു സംഭവം. കൊച്ചി നഗര മധ്യത്തിലെ പനയപ്പിള്ളി സൂപ്പര് മാര്ക്കറ്റിന് മുന്നില് വച്ചിരുന്ന ബുള്ളറ്റാണ് കടത്തിക്കൊണ്ടു പോയത്. തമ്മനം ചക്കരപ്പറമ്പ് സ്വദേശി ആദിലിന്റെ ബുള്ളറ്റ്. നമ്പര് കെഎല് 07 സിജി 7918. ചുവന്ന ടീ ഷര്ട്ടും ബര്മുഡയും ധരിച്ചെത്തിയ യുവാവ് ബൈക്കിനടുത്ത് എത്തുന്നു. ബൈക്കിനടുത്തെത്തിയ യുവാവ് സ്റ്റാര്ട്ടാക്കി കടന്നു കളഞ്ഞു.
തൊട്ടടുത്ത വ്യാപാര സ്ഥാപനത്തില് നിന്ന് ബൈക്കുടമ ആദില് ഇത് കാണുന്നുണ്ടായിരുന്നു. ഈ ഭാഗത്ത് റോഡുപണി നടക്കുന്നതിനാല് പണിക്കാരാരെങ്കിലും ബൈക്കെടുത്ത് മാറ്റിവയ്ക്കുകയാണെന്നാണ് ആദ്യം കരുതിയത്. ബൈക്ക് ഓടിച്ചു പോകുന്നത് കണ്ടാണ് കളവ് മനസ്സിലായത്. തോപ്പുംപടി പോലീസില് പരാതി നല്കി. മോഷ്ടാവിന്റെ ദൃശ്യങ്ങള് വ്യാപാര സ്ഥാപനത്തിലെ സിസിടിവിയില് നിന്നും ലഭിച്ചിട്ടുണ്ട്.
