2030 ഓടെ രാജ്യത്തെ നിരത്തുകളില്‍ പൂര്‍ണമായും ഇലക്ട്രിക് വാഹനങ്ങളെന്നതാണ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തിനു കരുത്തുപകര്‍ന്ന് ഇലക്ട്രിക് പതിപ്പുകളുമായി വിപണി പിടിക്കാനുള്ള തിരക്കിലാണ് പ്രമുഖ വാഹന നിര്‍മ്മാതാക്കളെല്ലാം. ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍റായ റോയല്‍ എന്‍ഫീല്‍ഡും ഇതേ പാതയിലാണെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ് ഉള്‍പ്പെടെയുള്ള വിവിധ ദേശീയമാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി ഇന്‍റര്‍നെറ്റിലും സോഷ്യല്‍മീഡിയയിലും പ്രചരിക്കുന്ന ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങളാണ് കമ്പനിയുടെ പുതിയ നീക്കത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കു പിന്നില്‍.

തായ്‌ലാന്‍ഡിലെ ബാങ്കോക്ക് ഷോറൂമില്‍ നിന്നാണ് പുതിയ ഇലക്ട്രിക് ബുള്ളറ്റിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്ലാസിക് 350 യെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍. എഞ്ചിന് പകരം ബാറ്ററിയാണ് വാഹനത്തിനു കരുത്തുപകരുന്നത്. ഇതിനായി പരിഷ്‌കരിച്ച ചാസിയിലാണ് പുതിയ ബുള്ളറ്റിന്‍റെ അവതരണം. എന്നാല്‍ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ ബുള്ളറ്റിന് പരമ്പരാഗതമായ ആ വലിയ ശബ്ദം ഉണ്ടാകില്ലെന്നതാണ് ബുള്ളറ്റ് പ്രേമികളെ ദു:ഖിപ്പിക്കുന്ന വാര്‍ത്ത.

പൂര്‍ണമായും ഡിജിറ്റലാണ് ചിത്രത്തിലുള്ള ബുള്ളറ്റിന്‍റെ ഇന്‍സ്‌ട്രെന്റ് കണ്‍സോള്‍. ചെയിന്‍ ഡ്രൈവിന് പകരം ബെല്‍റ്റ് ഡ്രൈവിലാണ് ഇലക്ട്രിക് ബുള്ളറ്റ് ഒരുങ്ങിയിട്ടുള്ളതെന്നും ചിത്രങ്ങള്‍ പറയുന്നു. 0-100 kmph ടൈമര്‍ ഉള്‍പ്പെടെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്റഗ്രേഷനും വാഹനത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിലുള്ള വാഹനം റോയല്‍ എന്‍ഫീല്‍ഡ് ഔദ്യോഗികമായി പുറത്തിറക്കിയതാണോ എന്ന് വ്യക്തമല്ല. ഇത് ഏതെങ്കിലും വര്‍ക്ക് പ്രൊജക്ടുകളുടെ ഭാഗമായി നിര്‍മ്മിച്ചതാകാമെന്നും സൂചനകളുണ്ട്. എന്നാല്‍ ഭാവിയില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളെ പുറത്തിറക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് തലവന്‍ സിദ്ധാര്‍ത്ഥ ലാല്‍ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്തകള്‍ക്ക് ബലം പകരുന്നത്.

Image Courtesy: RUSHLANE