മൊബൈലില്‍ സംസാരിച്ച് കൊണ്ട് ബസ് ഓടിച്ച ഡ്രൈവര്‍ പൊലീസിന്‍റെ പിടിയില്‍. തിരക്കുള്ള റോഡിലൂടെ മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബസ് ഓടിക്കുന്ന യുവാവിന്‍റെ വീഡിയോ രണ്ട് ദിവസമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പുലയനാർകോട്ട-പൂന്തുറ റൂട്ടിലെ കാശിനാഥൻ എന്ന സ്വകാര്യബസിന്‍റെ ഡ്രൈവർ നേമം സ്റ്റുഡിയോ റോഡ് രാധാഭവനിൽ കാർത്തിക് (27) ആണ് കുടുങ്ങിയത്.
കന്‍റോൺമെന്‍റ് പൊലീസ് ഇയാളെ വിളിച്ചുവരുത്തി ട്രാഫിക് പോലീസിന് കൈമാറുകയായിരുന്നു. അലക്ഷ്യമായി ബസ് ഓടിച്ചതിനും ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗിച്ചതിനും ഇയാൾക്കെതിരേ കേസെടുത്തു. ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിന് ആർ.ടി.ഒ.ക്ക് റിപ്പോർട്ട് നൽകും. ബസിലുണ്ടായിരുന്ന യാത്രക്കാരാരോ എടുത്ത വീഡിയോ ആണ് ഡ്രൈവറെ കുടുക്കിയത്.
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും കിഴക്കേക്കോട്ടയിലേക്കു പോകുന്ന പ്രൈവറ്റ് ബസ്സിലെ ഡ്രൈവറുടെ വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. ഒരു വയസ്സ് മുതൽ എഴുപത്തഞ്ചു വയസ്സുവരെ പ്രായമുള്ള ആൾകാരെ കുത്തിനിറച്ചുകൊണ്ടു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും കിഴക്കേകോട്ടയിലേക്കു പോകുന്ന കാശിനാഥൻ പ്രൈവറ്റ് ബസ്സിലെ ഡ്രൈവർ തിരക്കുള്ള റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഒരു കൈയിൽ മൊബൈലും പിടിച്ചു സംസാരിച്ചുകൊണ്ടു ഒരു കൈ കൊണ്ട് ഡ്രൈവ് ചെയുന്ന രംഗമായിരുന്നു. വീഡിയോ വൈറലായതോടെ ബസ് ഡ്രൈവർക്കെതിരെ നടപടി എടുക്കണം എന്ന ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു.
