1. ഏത് ഇന്‍ഷുറന്‍സ്?
രണ്ട് തരത്തിലുള്ള വാഹന ഇന്‍ഷുറന്‍സ് പോളിസികളുണ്ട്. തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ആണ് ഒന്ന്. രാജ്യത്തെ വാഹനനിയമം അനുസരിച്ച് ഇത് നിര്‍ബന്ധവുമാണ്. വാഹനം വാങ്ങുമ്പോള്‍ തന്നെ ഡീലര്‍മാര്‍ ഈ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയാണ് വാഹനം നിങ്ങളെ ഏല്‍പ്പിക്കുക.

വാഹനം മോഷണം പോയാലും മറ്റും നഷ്‍ടപരിഹാരം ഉള്‍പ്പെടെ കിട്ടുന്നതിന് എടുക്കുന്ന പോളിസിയാണ് കോംപര്‍ഹെന്‍സീവ് ഇന്‍ഷുറന്‍സ്. വാഹന വിലയെ അടിസ്ഥാനമാക്കി വാഹനത്തിനും യാത്രക്കാർക്കും ചരക്കുകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉൾപ്പെടുത്തിയുള്ള പാക്കേജ് പോളിസിയാണിത്. തേഡ് പാര്‍ട്ടി പോളിസിയെ അപേക്ഷിച്ച് ഇതിന് ചെലവു കൂടും. തീപിടിത്തം, സ്ഫോടനം, സ്വയം തീപിടിക്കൽ, ഇടിമിന്നൽ, കളവ്, ജനക്ഷോഭം, പണിമുടക്ക്, ആകസ്മികമായ ബാഹ്യകാരണങ്ങൾ, ദ്രോഹപരമായ പ്രവൃത്തികൾ പ്രകൃതിദുരന്തങ്ങളായ വെള്ളപ്പൊക്കം, ഭൂമികുലുക്കം, മലയിടിച്ചിൽ, കൊടുങ്കാറ്റ്, ചുഴലിക്കാറ്റ്, സുനാമി മുതലായവ മൂലം വാഹനത്തിനു നാശനഷ്ടം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്.

2. നോ ക്ലെയിം ബോണസ് (എൻസിബി)
ക്ലെയിം ഇല്ലാതെ അഥവാ അപകടങ്ങൾ വരുത്താതെ വാഹനങ്ങൾ പരിപാലിക്കുന്ന ഉടമകൾക്കു വർഷാവർഷം ഇൻഷുറൻസ് കമ്പനികൾ പ്രീമിയത്തിൽ നൽകുന്ന കിഴിവാണു നോ ക്ലെയിം ബോണസ്. പഴയ വാഹനം എക്സ്ചേഞ്ച് ചെയ്തു പുതിയ വാഹനം മേടിക്കുമ്പോഴും പഴയ വാഹനങ്ങളുടെ ഇൻഷുറൻസ് പുതുക്കേണ്ട സാഹചര്യങ്ങളിലും മറ്റും, എൻസിബിയെക്കുറിച്ച് അറിഞ്ഞാല്‍ പ്രീമിയം തുകയിൽ നല്ലൊരു കുറവു വരുത്താൻ സഹായിക്കും. ഇത് 50 ശതമാനം വരെ ലഭിക്കും.

3. വളന്ററി എക്സസ്
വാഹന ഉടമയ്ക്ക് സ്വന്തമായി ഒരു തുക നിശ്ചയിച്ച് അത്രയും തുക വരെ ക്ലെയിം ചെയ്യാതിരുന്നാല്‍ പ്രീമിയത്തില്‍ ഡിസ്കൗണ്ട് ലഭിക്കും. ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പലരും പ്രീമിയിത്തില്‍ കുറവ് നല്‍കും. ഒരു ക്ലെയിമിനായി സമീപിക്കുമ്പോള്‍ കിട്ടാതെ വരികയും ചെയ്യും.

4. അന്വേഷണം
ഡീലര്‍മാരുടെയും ഏജന്‍റുമാരുടെയും ഓഫറുകളില്‍ വീഴാതെ ശരിയായ ഇന്‍ഷുറന്‍സ് തെരെഞ്ഞെടുക്കുക എന്നത് ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. മികച്ച ഇന്‍ഷുറന്‍സ് ഏതെന്ന് കണ്ടെത്താന്‍ ഓണ്‍ലൈനില്‍ നടത്തുന്ന ചെറിയ അന്വേഷണത്തിലൂടെ തന്നെ നിങ്ങള്‍ക്ക് സാധിക്കും.

5. ഇക്കാര്യങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് ലഭിക്കില്ല
മദ്യപിച്ചോ മയക്കുമരുന്നുകളോ മറ്റൊ ഉപയോഗിച്ചോ വാഹനം ഓടിച്ചാലുണ്ടാകുന്ന അപകടങ്ങളില്‍ ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ സാധിക്കില്ല. വാഹനത്തിന് ഇന്‍ഷുറന്‍സ് ഉണ്ടെങ്കിലും അപകടസമയത്ത് അതോടിച്ചത് ഇന്‍ഷുറന്‍സ് ഇല്ലാത്ത ഡ്രൈവറാണെങ്കിലും ക്ലെയിം ചെയ്യുന്നത് ഏറെ വെല്ലുവിളിയായിരിക്കും. അതുപോലെ യുദ്ധത്തിലോ, ന്യൂക്ലിയാര്‍ ആക്രമണത്തിലോ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല.

വിവരങ്ങള്‍ക്ക് കടപ്പാട്: ബാങ്ക് ബസാര്‍