ക്യാമറ കണ്ട് വേഗം കുറച്ചാലും ഇനി പണികിട്ടും

വാഹനം അമിതവേഗതയില്‍ ഓടിക്കുകയും നിരീക്ഷണ ക്യാമറകളുടെ അരികിലെത്താറാകുമ്പോള്‍ വേഗം കുറക്കുകയും ചെയ്യുന്ന ചില വിരുതന്‍ ഡ്രൈവര്‍മാരുണ്ട്. അവര്‍ക്കിതാ എട്ടിന്‍റെ പണിയുമായി ഒരു ക്യാമറ വരുന്നു.

വേഗം കുറച്ചാലും രണ്ടു ക്യാമറ പോയിന്റുകൾക്കിടയിലെ ദൂരം പിന്നിടാനെടുക്കുന്ന സമയം ഉപയോഗിച്ച് വേഗം കണക്കാക്കി അതിവേഗത്തിനു പിഴയിടുന്നതാണ് പുതിയ സംവിധാനം. വാളയാർ–വടക്കഞ്ചേരി ദേശീയപാതയിലാണ് ഈ ക്യാമറകള്‍ ആദ്യമായി സ്ഥാപിക്കുന്നത്.

ദേശീയപാത 544ൽ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള 54 കിലോമീറ്റർ ഭാഗത്ത് 37 ക്യാമറകളാണ് ഈ സ്ഥാപിക്കുന്നത്.

ക്യാമറകൾ സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയാകുന്നതോടെ, മണിക്കൂറിൽ 90 കിലോമീറ്ററാകും വേഗപരിധിയെന്നാണ് റിപ്പോര്‍ട്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വാഹനങ്ങൾ, അപകടശേഷം നിർത്താതെ പോകുന്ന വാഹനങ്ങൾ എന്നിവ കണ്ടെത്താന്‍ ക്യാമറകൾ സഹായിക്കും.