ഫെയ്‍സ് ബുക്ക് ലൈവിനിടെ വാഹനം ഡ്രൈവ് ചെയ്യുന്നതിനിടയില്‍ അപകടം. ശ്രീനഗറിലാണ് സംഭവം. അപകടത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്. രാജ്യത്തെ ആദ്യത്തെ ഫെയ്സ്ബുക്ക് ലൈവ് ആക്സിഡന്റ് എന്ന പേരിലാണ് വിഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.

ശ്രീനഗറിലെ ടെങ്പൊരാ ബൈപ്പാസിലൂടെ നാലു യുവാക്കൾ മാരുതി 800 സഞ്ചരിക്കുന്നതിനിടയിലാണ് അപകടം. മുൻ സീറ്റിൽ ഇരുന്ന ആൾ ഫെയ്സ്ബുക്ക് ലൈവ് തുടങ്ങുകയായിരുന്നു. ഉച്ചത്തിൽ പാട്ട് വെച്ച് ഡ്രൈവർ അലക്ഷ്യമായി വാഹനമോടിക്കുന്നത് ഫെയ്സ്ബുക്ക് ലൈവില്‍ കാണാം.

ഹൈവേയിലൂടെ പോകുന്ന മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം നഷ്ടപ്പെട്ട് അപകടം. സീറ്റ് ബെൽറ്റ് ധരിക്കാതെ അമിത വേഗത്തിൽ ഓടുന്ന കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

അപകടത്തിൽ മാരുതി 800 പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന നാലു യുവാക്കളില്‍ മൂന്നു പേരും തൽക്ഷണം മരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.