ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, ഇൻപുട്ട് ചെലവ് വർദ്ധിച്ചതിനാൽ തങ്ങളുടെ എല്ലാ മോഡലുകൾക്കും വില വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2026 ജനുവരി ഒന്നുമുതൽ 0.6 ശതമാനം വില വർദ്ധനവ് പ്രാബല്യത്തിൽ വരും.  

ക്ഷിണ കൊറിയൻ വാഹന ബ്രാൻഡായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് തങ്ങളുടെ എല്ലാ മോഡലുകളുടെയും വില വർദ്ധനവ് പ്രഖ്യാപിച്ചു. ഇൻപുട്ട് ചെലവ് വർദ്ധിച്ചതാണ് ഇതിന് കാരണമെന്ന് കമ്പനി ചൂണ്ടിക്കാട്ടുന്നു. 2026 ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്ന വിധത്തിൽ 0.6 ശതമാനം വില വർദ്ധനവ് ഹ്യുണ്ടായ് നടപ്പിലാക്കും.

വാഹന നിർമ്മാണത്തിൽ ഉപയോഗിക്കുന്ന വിലയേറിയ ലോഹങ്ങളുടെയും മറ്റ് വസ്തുക്കളുടെയും വില വർദ്ധിച്ചതാണ് വാഹന വില വർധനവിന് കാരണമെന്ന് റെഗുലേറ്ററി ഫയലിംഗിൽ ഹ്യുണ്ടായി കമ്പനി വ്യക്തമാക്കി. അസംസ്‍കൃത വസ്‍തുക്കളുടെ വിലയിലെ നിരന്തരമായ പണപ്പെരുപ്പം മൊത്തത്തിലുള്ള ഉൽപാദനച്ചെലവിനെ ബാധിച്ചിട്ടുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.

ചെലവ് നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കളിൽ ഉണ്ടാകുന്ന ആഘാതം കുറയ്ക്കുന്നതിനും തുടർച്ചയായി പരിശ്രമിക്കുന്നുണ്ടെന്ന് ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വ്യക്തമാക്കി. എങ്കിലും വില മാറ്റങ്ങളിലൂടെ വർദ്ധിച്ച ചില ചെലവുകൾ വിപണിയിലേക്ക് കൈമാറാൻ കമ്പനി നിർബന്ധിതരാണെന്നും കമ്പനി പറയുന്നു. ഇൻപുട്ട് ചെലവുകളിലെ വർദ്ധനവ് ഭാഗികമായി നികത്താൻ ഉദ്ദേശിച്ചുള്ള ഒരു ചെറിയ ക്രമീകരണമായിട്ടാണ് കമ്പനി ഈ വർദ്ധനവിനെ വിശേഷിപ്പിച്ചത്.

പല കമ്പനികളും വില വർദ്ധിപ്പിച്ചേക്കാം

മോഡൽ തിരിച്ചുള്ള വിലനിർണ്ണയ വിശദാംശങ്ങൾ കമ്പനി നൽകിയിട്ടില്ലെങ്കിലും ഹ്യുണ്ടായിയുടെ മുഴുവൻ മോഡൽ പോർട്ട്‌ഫോളിയോയ്ക്കും ഈ വില വർദ്ധനവ് ബാധകമാകും. അസ്ഥിരമായ ചരക്ക് വിലകളും വിതരണവുമായി ബന്ധപ്പെട്ട വെല്ലുവിളികളും കാരണം പല ഓട്ടോ കമ്പനികളും അവരുടെ വിലനിർണ്ണയ തന്ത്രങ്ങൾ പരിശോധിക്കുന്ന സമയത്താണ് ഈ തീരുമാനം.

റെനോയും വില വർദ്ധിപ്പിച്ചു

ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ ഗ്രൂപ്പിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ റെനോ ഇന്ത്യയും 2026 ജനുവരി മുതൽ എല്ലാ വാഹനങ്ങൾക്കും 2% വരെ വില വർദ്ധനവ് പ്രഖ്യാപിച്ചു. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയും മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയും 2026 ജനുവരി 1 മുതൽ അവരുടെ മുഴുവൻ ഉൽപ്പന്ന ശ്രേണിയിലും 2% വരെ വില വർദ്ധനവ് പ്രഖ്യാപിച്ചു.